US
  • inner_social
  • inner_social
  • inner_social

കാലിഫോർണിയ സിലിക്കൺ വാലി ബാങ്കിന്റെ പതനം: ഇന്ത്യൻ സ്റ്റാർട്ട് ആപ്പുകളും പ്രതിസന്ധിയിൽ

കാലിഫോർണിയ : സിലിക്കൺ വാലി ബാങ്കിന്റെ പതനത്തോടെ സ്ഥാപനവുമായി ബന്ധമുള്ള ഇന്ത്യന്‍ സ്റ്റാർട്ടപ്പുകളും പ്രതിസന്ധിയില്‍. സാങ്കേതികരം​ഗത്തെ പ്രമുഖ അമേരിക്കന്‍ ഐടി സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനായുള്ള പ്രമുഖ അമേരിക്കന്‍ കമ്പനി വൈ കോമ്പിനേറ്ററു (വൈസി)മായി ബന്ധമുള്ള ഇന്ത്യന്‍ സ്ഥാപനങ്ങളിലാണ് പ്രതിസന്ധി രൂക്ഷമായത്. വൈസിയുമായി സാമ്പത്തികബന്ധമുള്ള 40 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുണ്ട്. ഇവയില്‍ വൈസിക്ക് രണ്ടരലക്ഷം ഡോളര്‍മുതല്‍ പത്തുലക്ഷം ഡോളര്‍വരെ നിക്ഷേപമുണ്ട്. ഇവയില്‍ ഇരുപതിലധികം സ്ഥാപനങ്ങളില്‍ വൈസിക്ക് പത്തുലക്ഷത്തിലധികം നിക്ഷേപമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ ദൈനംദിന പണമിടപാടുപോലും പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോര്‍ട്ട്. 2008 ൽ വാഷിംഗ്ടൺ മ്യൂച്വലിനുണ്ടായ തകർച്ചക്കു ശേഷം ഒരു ധനകാര്യ സ്ഥാപനത്തിനുണ്ടാകുന്ന ഏറ്റവും വലിയ തകർച്ചയാണിതെന്നു സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നു.

വൈസിയുടെ മുപ്പത് ശതമാനം കമ്പനികളിലും അടുത്ത 30 ദിവസത്തിനുള്ളിൽ ശമ്പളം നൽകാനാകില്ലെന്ന് വൈസി മേധാവി ഗാരി ടാൻ ട്വീറ്റ് ചെയ്തു. ഇന്ത്യയിൽനിന്നുള്ള ചില വലിയ വൈസി കമ്പനികൾ പ്രതിസന്ധി മുന്‍കൂട്ടിക്കണ്ട് ഫണ്ട് ഇന്ത്യയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. നിരവധി ആഗോള കമ്പനികളെ പിന്തുണയ്ക്കുന്ന വൈസിക്ക് ഇന്ത്യയിൽ ഇരുനൂറി-ലധികം വമ്പന്‍ നിക്ഷേപമുണ്ട്.

പണപ്പെരുപ്പത്തെ ചെറുക്കുന്നതിന് പലിശനിരക്ക് വർധിപ്പിക്കാനുള്ള അമേരിക്കയിലെ ഫെഡറൽ റിസർവിന്റെ തീരുമാനവും കഴിഞ്ഞ വർഷം ടെക്നോളജി സ്റ്റോക്കുകളിലുണ്ടായ മാന്ദ്യവും സിലിക്കൺ വാലി ബാങ്കിനെ ബാധിച്ചു. ഉപഭോക്താക്കളുടെ നിക്ഷേപം ഉപയോഗിച്ച് കഴിഞ്ഞ രണ്ട് വർഷങ്ങളായി ബാങ്ക് കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ബോണ്ടുകളാണ് വാങ്ങിയത്. ഈ നിക്ഷേപങ്ങൾ സാധാരണയായി സുരക്ഷിതമാണ്. എന്നാൽ പലിശനിരക്ക് ഉയർന്നതോടെ നിക്ഷേപങ്ങളുടെ മൂല്യം കുറഞ്ഞു. ബാങ്കുകൾ ദീർഘകാലത്തേക്ക് സൂക്ഷിക്കുന്ന നിക്ഷേപങ്ങളാണിതെന്നത് കൊണ്ട് തന്നെ സാധാരണഗതിയിൽ അതൊരു വലിയ പ്രശ്‌നമാകാറില്ല. എന്നാൽ സിലിക്കൺ വാലിയുടെ ഉപഭോക്താക്കൾ കൂടുതലും സ്റ്റാർട്ടപ്പുകളും മറ്റ് ടെക് കമ്പനികളുമായിരുന്നു. ഇവരിൽ ഭൂരിഭാ​ഗം പേർക്കും കഴിഞ്ഞ വർഷം പണത്തിന് കൂടുതൽ ആവശ്യമുണ്ടായി. ഓഹരി വില ഇടിയുകയും നിക്ഷേപകർ വൻതോതിൽ തുക പിൻവലിക്കുകയും ചെയ്തതോടെയാണ്‌ സിലിക്കൺ വാലി ബാങ്ക്‌ തകർന്നത്‌.

സിലിക്കൺവാലി ബാങ്കിനെ മറ്റേതെങ്കിലും ബാങ്കുമായി ലയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്‌. യുഎസ്‌ ട്രഷറി സെക്രട്ടറി ജാനറ്റ്‌ യെല്ലൻ എഫ്ഡിഐസി അധികൃതരുമായി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്, എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഇത് വരെ യാതൊരു ധനസഹായവും പ്രഖ്യാപിച്ചിട്ടില്ല.