അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റുമായ ഡോണാള്‍ഡ് ട്രംപ് വെടിവെപ്പില്‍ വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും സംഭവത്തിലെ വലിയ രീതിയിലുള്ള സുരക്ഷാ വീഴ്ച ചർച്ചയാകുന്നു. ബട്‌ലര്‍ റാലിയിലെ വേദിയില്‍ നിന്നും 120 യാര്‍ഡ്‌സ് അകലെ നിന്നുമാണ് തോമസ് മാത്യു ക്രൂക്ക്‌സ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചത്. മില്ലി സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ ട്രംപ് തല തിരിച്ചിരുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ മരണത്തിനിടയാകുമായിരുന്നു എന്നാണു അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ”വധശ്രമത്തെ കൈകാര്യം ചെയ്ത അമേരിക്കന്‍ സീക്രട്ട് സർവീസ് ഏജൻസിക്ക് ഞാന്‍ പത്തില്‍ ആറ് മാര്‍ക്ക് മാത്രമേ നല്‍കുകയുള്ളു. പ്രവേശന നിയന്ത്രണത്തില്‍ വീഴ്ച പറ്റി. മാത്രവുമല്ല, വാഹനത്തിലേക്ക് പ്രവേശിപ്പിക്കുമ്പോഴും അദ്ദേഹത്തിന്റെ തലയ്ക്ക് സംരക്ഷണം നല്‍കിയിട്ടില്ല. അക്രമികളുടെ ഒരു കൂട്ടം ഉണ്ടായിരുന്നെങ്കില്‍ കൊലയാളിക്ക് എളുപ്പത്തില്‍ കീഴ്‌പ്പെടുത്താമായിരുന്നു,” മുതിര്‍ന്ന ഇന്ത്യന്‍ സുരക്ഷാ വിദഗ്ദന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
അതെ സമയം ഡൊണാള്‍ഡ് ട്രെംപിന് നേരെ വധശ്രമം നടത്തിയത് തോമസ് മാത്യു ക്രൂക്ക് എന്ന ഇരുപതുകാരനാണെന്ന് എഫ്ബിഐ കണ്ടെത്തിയിരുന്നു. പെന്‍സില്‍വേനിയയിലെ ബെതല്‍ പാര്‍ക്ക് സ്വദേശിയാണ് ഇയാള്‍. ട്രംപിന് നേരെ വധശ്രമം നടത്തിയ യുവാവ് ഉപയോഗിച്ചത് എ.ആര്‍-15 സെമി ഓട്ടോമാറ്റിക് റൈഫിള്‍ എന്നും അധീകൃതര്‍ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളുടെ വോട്ടര്‍ രജിസ്ട്രേഷന്‍ കാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്തിനാണ് ഇയാള്‍ വെടിയുതിര്‍ത്തെന്നത് വ്യക്തമല്ല.
പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ട്രംപിന്റെ വലതുചെവിക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാഉദ്യോഗസ്ഥരെത്തി ഉടന്‍ തന്നെ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.