US
  • inner_social
  • inner_social
  • inner_social

ഫ്ലോറിഡയില്‍ കഞ്ചാവ് ഉപയോഗം നിയമപരമാക്കുമെന്ന് ട്രംപ്

അധികാരത്തിലെത്തിയാൽ വിനോദത്തിനായുള്ള കഞ്ചാവിൻ്റെ ഉപയോഗം നിയമപരമാക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ആളുകൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, മുതിർന്നവർക്കായി വ്യക്തിഗത അളവില്‍ കഞ്ചാവ് നിയമവിധേയമാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. സമൂഹമാധ്യമമായ ട്രൂത്തിലൂടെയാണ് പ്രഖ്യാപനം. മിക്ക യുഎസ് സംസ്ഥാനങ്ങളും മെഡിക്കൽ അല്ലെങ്കിൽ വിനോദ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ഫ്‌ളോറിഡയിൽ മാത്രം കഞ്ചാവ് നിയമവിരുദ്ധമാണെന്നാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപിൻ്റെ ചോദ്യം.

21 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഒരു നിശ്ചിത തോതിൽ കഞ്ചാവ് കൈവശം വയ്ക്കാൻ അനുവദിക്കുകയാണ് ലക്ഷ്യം. കഞ്ചാവ് നിയമപരമാക്കാനുള്ള മൂന്നാം ഭേദഗതി നവംബറിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒപ്പമാകും നടക്കുക. 60 ശതമാനത്തിലധികം പേർ ഈ ഭേദഗതിയെ പിന്തുണച്ചാൽ മാത്രമേ നിയമം പ്രാബല്യത്തിയിൽ വരികയുള്ളു. നിർദ്ദിഷ്ട ഭേദഗതി പ്രകാരം, വ്യക്തിഗത ഉപയോഗങ്ങൾക്കായി മൂന്ന് ഔൺസ് കഞ്ചാവ് വരെയാകും ഒരാൾക്ക് കൈവശം വയ്ക്കാനാകുക. എന്നാൽ കഞ്ചാവ് നട്ടുവളർത്തുന്നത് കുറ്റമായി തുടരുകയും ചെയ്യും.

അതേസമയം, ട്രംപിൻ്റെ നിലപാടിനോട് ഫ്ലോറിഡ ഗവർണറും റിപ്പബ്ലിക്കൻ നേതാവുമായ റോൺ ഡി സാൻ്റോസിന് വിയോജിപ്പുണ്ട്. പുതിയ ഭേദഗതി മോശം നയമാണെന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. യുണൈറ്റഡ് സ്റ്റേറ്റ്സിലെ 24 സംസ്ഥാനങ്ങൾ വിനോദ ആവശ്യങ്ങൾക്കും 14 സംസ്ഥാനങ്ങൾ മെഡിക്കൽ ആവശ്യങ്ങൾക്കും കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കിയിട്ടുണ്ട്.