ആള്‍ക്കൂട്ട കൊലപാതക വിരുദ്ധ നിയമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചു. അമേരിക്കന്‍ പൗരാവകാശ സംഘടനകളുടേയും പ്രവര്‍ത്തകരുടേയും ഒരു നൂറ്റാണ്ടിലധികമായുള്ള ആവശ്യമാണ് നടപ്പാക്കിയത്. ഇതോടെ രാജ്യത്ത് ആള്‍ക്കൂട്ടക്കൊല ഒരു വിദ്വേഷ കുറ്റകൃത്യമായി മാറി. യുഎസ് കോണ്‍ഗ്രസ് 120 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആദ്യമായി ആള്‍ക്കുട്ടക്കൊല വിരുദ്ധ നിയമം പരിഗണിച്ചത്. എന്നാല്‍ ഇതുവരെ ഈ നിയമം 200ഓളം തവണ പാസാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു.
1955ല്‍ എമെറ്റ് ടില്‍ എന്ന 14 വയസുള്ള കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ടതോടെയാണ് ആള്‍ക്കൂട്ടക്കൊലക്കെതിരെ യുഎസില്‍ പൗരാവകാശ സമരങ്ങള്‍ക്ക് തുടക്കമിട്ടത്. എമെറ്റ് ടില്‍ ആള്‍ക്കൂട്ടക്കൊല വിരുദ്ധ നിയമം എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
വൈറ്റ് ഹൗസ് റോസ് ഗാര്‍ഡന്‍ ഒപ്പിടല്‍ ചടങ്ങില്‍, കറുത്ത അമേരിക്കക്കാര്‍ അനുഭവിച്ച വംശീയ അക്രമത്തിന്റെ ചരിത്രവും അതിന്റെ തുടര്‍ച്ചയായ ആഘാതവും ജോ ബൈഡന്‍ വിവരിച്ചു. 1877–1950 കാലഘട്ടത്തില്‍ അമേരിക്കയിലെ 4400ലേറെ കറുത്ത വര്‍ഗക്കാരെ ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയാക്കിയിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണങ്ങളെക്കുറിച്ചുള്ള രേഖകള്‍ ശേഖരിക്കുന്ന ടസ്‌കെഗീ സര്‍വകലാശാലയുടെ കണക്കനുസരിച്ച്, 1882 മുതല്‍ 1968 വരെ 4,743 പേരാണ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്. അവരില്‍ 3,446 പേര്‍ കറുത്ത വര്‍ഗക്കാരായിരുന്നു.