റഷ്യക്കെതിരായ പ്രത്യാക്രമണത്തിന് ആക്കം കൂട്ടാൻ ഉക്രയ്‌ന് അമേരിക്കയുടെ വൻ ആയുധസഹായം. 100 കോടി ഡോളർ (ഏകദേശം 7954.58 കോടി രൂപ) മതിക്കുന്ന റോക്കറ്റുകളും മറ്റ് വെടിക്കോപ്പുകളുമാണ് നൽകുന്നത്. ഉക്രയ്‌ന് ഇതുവരെ നൽകിയതിൽ ഏറ്റവും വലിയ ആയുധസഹായമാണ് ഇതെന്ന് ജോ ബൈഡൻ സർക്കാർ വ്യക്തമാക്കി. ഖെർസൺ, കെർസണിൽ നിന്നും ഡിനിപ്രോ നദിക്ക് സമീപമുള്ള മറ്റ് തെക്കൻ പ്രദേശങ്ങളിൽ നിന്നും റഷ്യൻ സൈന്യത്തെ പിന്തിരിപ്പിക്കാനാണ് ഉക്രൈനിന്റെ ശ്രമം. ഇതിനായാണ് അമേരിക്ക കൂടുതൽ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
“ഈ സംഘട്ടനത്തിന്റെ ഓരോ ഘട്ടത്തിലും, യുദ്ധക്കളത്തിലെ സാഹചര്യങ്ങളെ ആശ്രയിച്ച് യുക്രേനിയൻ സർക്കാരിന് ആവശ്യമുള്ളത് നേടുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു,” പ്രതിരോധ അണ്ടർസെക്രട്ടറി കോളിൻ കാൽ തിങ്കളാഴ്ച പുതിയ ആയുധ കയറ്റുമതി പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.
റോക്കറ്റുകൾ, വെടിയുണ്ടകൾ, മോർട്ടാറുകൾ, മറ്റ് സ്ഫോടകവസ്തുക്കൾ എന്നിവയാണ് അമേരിക്ക അയക്കുന്നത്. മേയിൽ കോൺഗ്രസ് അംഗീകരിച്ച 4000 കോടി ഡോളറിന്റെ ഉക്രയ്‌ൻ സുരക്ഷാ പാക്കേജിൽ ഉൾപ്പെടുത്തിയാണ് സഹായം. നാലുമാസമായി തുടരുന്ന യുദ്ധത്തിൽ ഇത് പതിനെട്ടാം തവണയാണ് അമേരിക്ക ഉക്രയ്‌ന് സൈനിക സഹായം എത്തിക്കുന്നത്. ഉക്രയ്‌ന് 300 കോടി ഡോളർ സാമ്പത്തിക സഹായം നൽകുമെന്ന് യുഎസ് ട്രഷറി ഡിപ്പാർട്‌മെന്റും പ്രഖ്യാപിച്ചിട്ടുണ്ട്.