‘ആത്മീയ ഭാര്യമാർ’ എന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടക്കം ശാരീരികവും ലൈംഗികവുമായി ദുരുപയോഗം ചെയ്ത ആത്മീയ നേതാവിന് 50 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. അരിസോണ ആസ്ഥാനമായുള്ള ബഹുഭാര്യത്വ ആരാധനാക്രമമായ ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റിന്സിന്റെ ആത്മീയ ആചാര്യനായ സാമുവൽ ബാറ്റ്മാനെയാണ് അരിസോണയിലെ കോടതി ശിക്ഷ വിധിച്ചത്.
20 ‘ആത്മീയ ഭാര്യമാർ’ ഉണ്ടെന്നായിരുന്നു സാമുവൽ ബാറ്റ്മാൻ വിശദമാക്കിയിരുന്നത്. ഇതിൽ പത്ത് പേർ പ്രായപൂർത്തിയാകാത്തവരും ഒൻപത് വയസ് വരെ മാത്രം പ്രായമുള്ളവരുമാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ലൈംഗിക കുറ്റകൃത്യങ്ങൾക്കായി കുട്ടികൾ ഉൾപ്പെട്ട മനുഷ്യക്കടത്ത് നടത്തുകയും തട്ടിക്കൊണ്ട് പോയി തടവിൽ പാർപ്പിച്ചത് അടക്കമുള്ള കുറ്റകൃത്യങ്ങൾക്കാണ് സാമുവൽ ബാറ്റ്മാൻ ശിക്ഷ അനുഭവിക്കേണ്ടത്. കൊളറാഡോ, അരിസോൺ, ഹിൽഡേൽ, ഉട്ടാ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിശ്വാസികളെ ഉൾപ്പെടുത്തിയായിരുന്നു ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റിന്സിന്റെ പ്രവർത്തനം.
കുട്ടികളെ അവരുടെ വീടുകളിൽ നിന്ന് പറിച്ചെടുത്ത് ലൈംഗിക അടിമകളായി ഉപയോഗിച്ചത് വഴി കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയും ബാല്യകാലവും നശിപ്പിച്ചുവെന്ന രൂക്ഷമായ വിമർശനത്തോടെയാണ് കോടതി നടപടി. സ്വർഗീയ പിതാവിന്റെ നിർദ്ദേശപ്രകാരമാണ് കൂടുതൽ ആത്മീയ ഭാര്യമാരെ സ്വീകരിച്ചതെന്ന വിചിത്രവാദമാണ് സാമുവൽ ബാറ്റ്മാൻ കോടതിയിൽ നടത്തിയത്. ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റിന്സിലെ അനുയായികൾ തങ്ങളുടെ പാപ പരിഹാരത്തിനായും പിഞ്ചുമക്കളെ ‘ആത്മീയ ഭാര്യ’മാരാക്കാൻ തയ്യാറായി എന്നത് ഏറെ ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു.