അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപിനെതിരായ മത്സരത്തിൽനിന്ന് നിക്കി ഹേലി പിന്മാറി

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ നിന്ന് ഇന്ത്യൻ വംശജ നിക്കി ഹേലി പിന്മാറി. ഇതോടെ ട്രംപാകും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്റെ എതിരാളിയെന്ന് ഉറപ്പായി. നവംബർ അഞ്ചിലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയെ കണ്ടെത്താൻ 15 സംസ്ഥാനങ്ങളിൽ പ്രൈമറികൾ നടന്ന സൂപ്പർ ചൊവ്വയിൽ 14 ഇടത്തും ഡൊണാൾഡ് ട്രംപിന് വിജയിച്ചിരുന്നു, ഇതിനു പിന്നാലെ ആണ് നിക്കി ഹേലിയുടെ പിന്മാറ്റം.

മുൻ യു എൻ അംബാസഡർ കൂടിയായ നിക്കി ഹേലി ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ”ഞങ്ങളുടെ പാർട്ടിയും അതിനപ്പുറവും അദ്ദേഹത്തെ പിന്തുണക്ക്യാത്തവരുടെ വോട്ടുകൾ നേടേണ്ടത് ഇപ്പോൾ ട്രംപിന്റെ ഉത്തരവാദിത്തമാണ്, അത് അദ്ദേഹം നിർവഹിക്കുമെന്ന് കരുതുന്നു”. നിക്കി ഹേലി പറഞ്ഞു.

അതെ സമയം ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രൈമറി നടന്ന 15 സംസ്ഥാനങ്ങളിലും ബൈഡൻ മുന്നിലെത്തി. ഡെമോക്രാറ്റിക് പാർട്ടിയിൽ ബൈഡന് കാര്യമായ എതിരാളികളില്ല. ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പ്രൈമറി ബാലറ്റിൽനിന്ന് ട്രംപിനെ അയോഗ്യനാക്കാനുള്ള കൊളറാഡോ കോടതിയുടെ വിധി സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കി. കൊളറാഡോയിലെ ബാലറ്റിൽ തുടരാൻ ഡൊണാൾഡ് ട്രംപിന് അർഹതയുണ്ടെന്ന് അമേരിക്കയുടെ സുപ്രീം കോടതി വിധിച്ചിരുന്നു.