കുടിയേറ്റക്കാരുടെ അനിയന്ത്രിത പ്രവാഹത്തെത്തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ മാറ്റം ഇല്ലാതെ തുടരുന്നു. ന്യൂയോര്‍ക്ക് സിറ്റി മേയറായ എറിക് ആഡംസാണ് വെള്ളിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 2022 ഏപ്രില്‍ മുതല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ 17,000 അനധികൃത അനധികൃത കുടിയേറ്റക്കാരാണ് എത്തിച്ചേര്‍ന്നത്. ടെക്‌സസ്, അരിസോണ, ഫ്‌ലോറിഡ തുടങ്ങിയ റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡെമോക്രാറ്റിക് പ്രദേശങ്ങളിലേക്ക് സമീപ മാസങ്ങളിലായി നിരവധി ആളുകളാണ് കുടിയേറിയത്.
സെപ്തംബര്‍ മുതല്‍ ഓരോ ദിവസവും ശരാശരി അഞ്ച് മുതല്‍ ആറ് വരെ ബസുകള്‍ നഗരത്തില്‍ എത്തുന്നുണ്ടെന്ന് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആഡംസ് പറഞ്ഞു. റിപ്പബ്ലിക്കന്‍ സ്റ്റേറ്റുകളിലെ ഉദ്യോഗസ്ഥര്‍ കുടിയേറ്റക്കാരെ ന്യൂയോര്‍ക്കിലേക്ക് രാഷ്ട്രീയ താല്‍പര്യം താല്‍പര്യം മൂലം അയക്കുകയാണെന്നും ആഡംസ് ആരോപിക്കുന്നു. എന്നാല്‍ ആഡംസിന്റെ നടപടി രാഷ്ട്രീയ നാടകമാണെന്ന് ഇതിനോടകം ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അതെ സമയം പ്രസിഡന്റ് ജോ ബൈഡന്റെ ബോര്‍ഡര്‍ പോളിസി മുതലെടുത്ത് അമേരിക്കയുടെ സമീപ രാജ്യങ്ങളില്‍നിന്ന് ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് അമേരിക്കയില്‍ എത്തുന്നത് എന്ന് ഒരു വിഭാഗവും ആരോപണം ഉന്നയിക്കുന്നുണ്ട്.
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ പിടിയില്‍ പെട്ടാല്‍പോലും അമേരിക്കന്‍ അതിര്‍ത്തിയില്‍ ഇവരെ സ്വതന്ത്രരായി വിടുന്നത് അതിര്‍ത്തിയുമായി അടുത്തുകിടക്കുന്ന അമേരിക്കന്‍ സിറ്റികളില്‍ സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ടെക്‌സാസ് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങള്‍ പരാതിപ്പെടുന്നതായും വാർത്തകൾ സജീവമാണ്.