US
  • inner_social
  • inner_social
  • inner_social

രണ്ടര നൂറ്റാണ്ടിന് ഇടയിലെ ഏറ്റവും ശക്തമായ ഭൂചലനം, നടുക്കത്തിൽ ന്യൂ യോർക്ക്

ന്യൂയോർക്കിൽ ഭൂചലനം. വെള്ളിയാഴ്‌ച രാവിലെയാണ്‌ റിക്ടർ സ്‌കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്‌. ന്യൂജേഴ്‌സിയിലെ ലബനനാണ്‌ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ജിയോളജിക്കൽ സർവേ അറിയിച്ചു. ബ്രൂക്ക്‌ലിനില്‍ കെട്ടിടങ്ങള്‍ കുലുങ്ങുകയും വാതിലുകളിലും മറ്റും പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു. നാശനഷ്ടങ്ങളുണ്ടായതായി റിപ്പോട്ടുകൾ ലഭിച്ചിട്ടില്ലെന്ന്‌ ന്യൂയോർക്കിലെ അഗ്നിരക്ഷാസേന അറിയിച്ചു. ബാൾട്ടിമോർ, ഫിലാഡൽഫിയ, കണക്റ്റിക്കട്ട് തുടങ്ങിയ സ്ഥലങ്ങളിലും നേരിയ ചലനമുണ്ടായി. അതെ സമയം ന്യൂ യോർക്ക് ഭൂചലനത്തിന് പിന്നാലെ ന്യൂ ജേഴ്സിയിലും തുടർ ചലനങ്ങൾ ഉണ്ടായതായി റിപ്പോട്ടുകൾ ഉണ്ട്.

രണ്ടര നൂറ്റാണ്ടിന് ഇടയിലെ ഏറ്റവും ശക്തമായ ഭൂചലനം ആണ് ന്യൂ യോർക്കിലേത്. പ്രകമ്പനത്തിൽ സ്റ്റാച്യു ഓഫ് ലിബർട്ടി ഉൾപ്പെടെ കുലുങ്ങിയെന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങളിലെ റിപ്പോർട്ടുകൾ. ഭൂചലനത്തിന് പിന്നാലെ നഗരത്തിലെ നിരവധി വിമാനത്താവളങ്ങള്‍ അടയ്ക്കുകയും വിമാന ഗതാഗതം നിര്‍ത്തിയ്ക്കുകയും ചെയ്തു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്നിരുന്ന സുരക്ഷാസമിതി യോഗം ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ തത്കാലത്തേക്ക് നിര്‍ത്തിവെച്ചു.

പ്രകമ്പനത്തിൽ സ്റ്റാച്യൂ ഓഫ് ലിബർട്ടി കുലുങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിമയ്ക്ക് മുകളിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ആണ് പുറത്തുവന്നിരിക്കുന്നത്. ഇവ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സ്റ്റാച്യു ഓഫ് ലിബർട്ടിയിൽ ഇടിമിന്നൽ ഏൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യുഎസ് ജിയോളജിക്കൽ സർവ്വേ സ്ഥിതി ഗതികൾ നിരീക്ഷിച്ച് വരികയാണ്.