ബൈഡൻ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ന്യൂയോർക്ക്‌ ടൈംസ്

നവംബറിലെ യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന ആദ്യ ടെലിവിഷൻ സംവാദത്തിൽ മോശം പ്രകടനം നടത്തിയ പ്രസിഡന്റ് ജോ ബൈഡൻ മത്സരത്തിൽനിന്നുപിന്മാറണമെന്ന് ‘ന്യൂയോർക്ക് ടൈംസ്’ പത്രം ആവശ്യപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമുന്നിൽ ബൈഡൻ പതറിയത് ഡെമോക്രാറ്റിക് പാർട്ടിയിൽ ആശങ്കയുയർത്തിയിരിക്കുമ്പോഴാണ് പ്രമുഖ പത്രത്തിന്റെ ആവശ്യം. പിൻമാറുന്നുവെന്ന പ്രഖ്യാനപമാണ് ബൈഡനുചെയ്യാവുന്ന ഏറ്റവും വലിയ പൊതുജനസേവനമെന്ന് പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് പ്രസ്താവിച്ചു. ബൈഡനോട് ഇങ്ങനെയൊരാവശ്യമുന്നയിച്ച ആദ്യ യു.എസ്. പത്രമാണ് ന്യൂയോർക്ക് ടൈംസ്.

മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡൊണാൾഡ് ട്രംപുമായുള്ള സംവാദത്തിൽ കണ്ടത് മഹാനായ ഒരു പൊതുപ്രവർത്തകന്റെ നിഴൽ മാത്രമായിരുന്നു. പ്രസിഡന്റായി രണ്ടാം ഊഴം തേടുന്ന താൻ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് വിശദീകരിക്കാൻ പോലും ബൈഡൻ കഷ്ടപ്പെട്ടു. ട്രംപിന്റെ ആരോപണങ്ങളിൽ മറുപടിയുണ്ടായില്ല. ട്രംപിന്റെ ഭരണം ഉണ്ടാക്കിയ പ്രതിസന്ധികളിൽ നിന്ന് രാജ്യം കരകയറി തുടങ്ങിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. എന്നാൽ ബൈഡന് ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പൊതുസേവനം താൻ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിക്കുക എന്നതാണ് -എഡിറ്റോറിയൽ ബോർഡ് അഭിപ്രായപ്പെട്ടു.