US
  • inner_social
  • inner_social
  • inner_social

വൈറ്റ് ഹൗസിൽ ട്രംപിനെ സ്വീകരിക്കാനൊരുങ്ങി ബൈഡൻ; ജിൽ ബൈഡനുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി മെലാനിയ ട്രംപ്

നിയുക്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പങ്കാളി മെലാനിയ ട്രംപ് പ്രഥമ വനിത ജില്‍ ബൈഡന്റെ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ പാരമ്പര്യമായി നടക്കുന്ന വിരുന്നില്‍ നിന്നാണ് മെലാനിയ വിട്ടുനില്‍ക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ജില്‍ ബൈഡന്‍ മെലാനിയ ട്രംപിന് ഔദ്യോഗിക ക്ഷണം നല്‍കിയത്.

പൊതുവേ നിലവിലെ പ്രസിഡന്റ് നിയുക്ത പ്രസിഡന്റിന് ഓവല്‍ ഓഫീസില്‍ (അമേരിക്കന്‍ പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഓഫീസിന്റെ ഭാഗം) വെച്ച് വിരുന്ന് നല്‍കും. അതേ സമയം പ്രഥമ വനിത അവരുടെ പിന്‍ഗാമിയായി വരുന്നയാള്‍ക്ക് ചായ വിരുന്നും നടത്തുന്നതാണ് രീതി. സമാധാനപരമായ അധികാര കൈമാറ്റമാണ് ഇതിലൂടെ യു എസ് പ്രതിഫലിപ്പിക്കുന്നത്.

2016ലെ തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതിന് ശേഷം അന്നത്തെ പ്രഥമ വനിതയായിരുന്ന മിഷേൽ ഒബാമ ഒരുക്കിയ സത്കാരത്തിൽ മെലാനിയ പങ്കെടുത്തിരുന്നു. എന്നാൽ 2020ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് മെലാനിയ ട്രംപും ജിൽ ബൈഡനും ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ല. 2020ലെ തിരഞ്ഞെടുപ്പില്‍ താനാണ് ശരിയായ വിജയിയെന്ന ഡോണാള്‍ഡ് ട്രംപിന്റെ അവകാശ വാദങ്ങളോട് ഐക്യദാർഢ്യപ്പെട്ടു കൊണ്ടായിരുന്നു മെലാനിയ ട്രംപ് നിലപാട് എടുത്തത്.

അതെ സമയം നാളെ രാവിലെ 11 മണിക്ക് ട്രംപും ബൈഡനും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പിന് പിന്നാലെ ട്രംപും ബൈഡനും ഫോണില്‍ വിളിച്ചിരുന്നുവെങ്കിലും മെലാനിയയും ജില്ലും ഫോണ്‍ വിളിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

https://twitter.com/ABC7/status/1856105868556898578