ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് (57) അന്തരിച്ചു. ജനുവരി ഏഴിന് ആണ് ഡേവിഡിൽ പന്നിയുടെ ഹൃദയം പിടിപ്പിച്ചത്. വൈദ്യശാസ്‌ത്ര രംഗത്തെ നിർണായക ചുവടുവയ്‌പായിരുന്നു ഇത്.
ഡേവിഡിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നും ബുധനാഴ്‌ചയായിരുന്നു അന്ത്യമെന്നും മേരിലാൻഡ് മെഡിക്കൽ സർവകലാശാല പ്രസ്താവനയിൽ അറിയിച്ചു. ആഴ്‌ചകളോളം ഡേവിഡിൽ പന്നിയുടെ ഹൃദയം ക്യത്യമായി പ്രവർത്തിച്ചിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. ബാൾട്ടിമോർ ആശുപത്രിയിലായിരുന്നു ഏഴു മണിക്കൂർ ദൈർഘ്യമുള്ള ശസ്ത്രക്രിയ നടന്നത്. ബെനറ്റിന് മാറ്റിവയ്ക്കാന്‍ മനുഷ്യഹൃദയത്തിനായി ഒരുപാട് ശ്രമിച്ചെങ്കിലും അത് കിട്ടാത്ത സാഹചര്യത്തിലാണ് അവസാന ശ്രമമെന്ന നിലയില്‍ പരീക്ഷണത്തിന് ശാസ്ത്രലോകം മുതിര്‍ന്നത്.
ഒന്നുകില്‍ മരിക്കും. അല്ലെങ്കില്‍ ഈ ശസ്ത്രക്രിയക്ക് വിധേയനാകും. എനിക്ക് ജീവിക്കണം. ഇതെന്റെ അവസാന ഊഴമാണ്’. ഇതായിരുന്നു ശസ്ത്രക്രിയക്ക് മുന്‍പായി ഡേവിഡ് ബെനറ്റ് പറഞ്ഞത്.