ചരിത്രത്തിലാദ്യമായി അമേരിക്കയിൽ ഒരു വനിത ഒരു മണിക്കൂറിലധികം അമേരിക്കൻ പ്രസിഡന്റിന്റെ ചുമതല വഹിച്ചു. ഇന്ത്യൻ വംശജയായ വൈസ് പ്രസിഡന്റ് കമല ഹാരിസാണ് എൺപത്തിയഞ്ച് മിനിറ്റുകൾക്ക് അമേരിക്കൻ പ്രസിഡന്റിന്റെ ചുമതല വഹിച്ച് ചരിത്രം കുറിച്ചത്. വൈദ്യ പരിശോധനക്കായി പ്രസിഡന്റ് ജോ ബൈദന് അനസ്തീഷ്യ എടുക്കേണ്ടി വന്ന സാഹചര്യത്തിലാണ് അൽപ നേരത്തേക്ക് വൈസ് പ്രസിഡന്റിന് അധികാരം കൈമാറിയത്. ഇതോടെ കറുത്ത വർഗക്കാരിയായ, തെക്കുകിഴക്കനേഷ്യൻ വംശജയായ, അമേരിക്കയുടെ ആദ്യ വനിതാ വൈസ്പ്രസിഡന്റ്, ഏതാണ്ട് ഒന്നര മണിക്കൂർ നേരത്തേക്ക് രാജ്യത്തിന്റെ അമരക്കാരിയും ലോകത്തെ ഏറ്റവും ശക്തയായ നേതാവുമാവുകയായിരുന്നു. വെസ്റ്റ് വിങ്ങിലെ തന്റെ ഓഫീസിൽ തന്നെയാണ് കമല ഹാരിസ് പ്രസിഡന്റിന്റെ ചുമതല നിർവഹിച്ചത്. നവംബർ ഇരുപതിന് എഴുപത്തിയൊമ്പത് തികഞ്ഞ ബൈഡന് വാർഷിക വൈദ്യ പരിശോധനയുടെ സമയമായിരുന്നു. പ്രസിഡന്റിന്റെ വൈദ്യ പരിശോധനാ സമയത്ത് വൈസ്പ്രസിഡന്റ് താൽക്കാലിക ചുമതലയേറ്റെടുക്കുന്ന പതിവ് അമേരിക്കയിലുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു വനിത ആ ചുമതല നിർവഹിക്കുന്നത്.
57 കാരിയായ കമല ഹാരിസാണ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്‍റ്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജയും അവർ തന്നെ. നേരത്തെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കാലയളവിലും അമേരിക്കയില്‍ സമാനമായ അധികാര കൈമാറ്റം ഉണ്ടായിരുന്നു.