അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആദ്യ ഊഴത്തിൽ തുടങ്ങിവച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച പുറത്തുവിട്ട മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് അദ്ദേഹം 2024ലെ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ തുടങ്ങിയത്. അതെ സമയം ജോ ബൈഡൻ രണ്ടാമതും തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ കൂടെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കമലാ ഹാരിസിമുണ്ട്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റാണു ജോ ബൈഡൻ.2024-ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ മുൻ അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യം എന്ന മുദ്രാവാക്യത്തിൽ ഊന്നിയായിരുന്നു പ്രചാരണത്തിന്റെ തുടക്കം. ഗർഭഛിദ്രാവകാശം, ജനാധിപത്യ സംരക്ഷണം, വോട്ടവകാശം, സാമൂഹ്യസുരക്ഷ എന്നിവയ്ക്കാകും പ്രചാരണത്തിൽ ഊന്നൽ നൽകുകയെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കൻ തീവ്രവാദത്തിനെതിരായ പോരാട്ടമാണ് 2024ൽ നടക്കാൻ പോകുന്നതെന്നും എൺപതുകാരനായ ബൈഡൻ അവകാശപ്പെട്ടു. ബൈഡന്റെ വീഡിയോയ്ക്കു പിന്നാലെ നടത്തിയ പ്രസ്താവനയിൽ ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഒന്നിക്കാൽ അമേരിക്കക്കാരോട് കമലാ ഹാരിസ് ആഹ്വാനംചെയ്തു