US
  • inner_social
  • inner_social
  • inner_social

യുഎസില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

പലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തെന്നാരോപിച്ച് യുഎസില്‍ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. യുഎസിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ സ്വദേശിനിയായ അചിന്ത്യ ശിവലിംഗന്‍, ഹസന്‍ സെയ്ദ് എന്നിവരാണ് അറസ്റ്റിലായത്. യൂണിവേഴ്‌സിറ്റി മുറ്റത്ത് ടെന്റുകള്‍ കെട്ടി പ്രതിഷേധം നടത്തുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. എന്നാല്‍ യൂണിവേഴ്‌സിറ്റി പരിസരത്ത് ടെന്റുകള്‍ കെട്ടരുതെന്ന് പൊതുസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും അത് ലംഘിച്ചതിനാണ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായതെന്നും യൂണിവേഴ്‌സിറ്റി വക്താവ് ജെന്നിഫര്‍ മോറില്‍ പറഞ്ഞു.

ഇസ്രയേൽ ഹമാസ് യുദ്ധത്തിനെതിരായ അമേരിക്കയിലെ വിവിധ സർവ്വകലാശാലകളിലാണ് പ്രതിഷേധങ്ങൾ അരങ്ങേറുന്നത്. ബോസ്‌റ്റണിലെ എമേഴ്‌സൺ കോളേജിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തെത്തുടർന്ന്‌ 108 പേർ അറസ്‌റ്റിലായി. ലൊസ്‌ ആഞ്ചലസിലെ സതേൺ കലിഫോർണിയ സർവകലാശാലയിൽ നിന്ന്‌ 93 പ്രക്ഷോഭകരെ കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ടെക്‌സസ്‌ സർവകലാശാലയിൽ 34 പേരും അറസ്‌റ്റിലായി. അതേസമയം പ്രതിഷേധങ്ങൾക്ക് സർവ്വകലാശാലയിലെ ചില അധ്യാപകുടെ പരസ്യ പിന്തുണ ലഭിച്ചത് സർവ്വകലാശാലാ നിലപാടിനെ കുരുക്കിലാക്കിയിട്ടുണ്ടെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ 550 ലെറെ ആളുകൾ അമേരിക്കയിൽ അറസ്റ്റിലായതായാണ് മാധ്യമ വാർത്തകൾ. വ്യാഴാഴ്ച മാത്രം 61 പേരാണ് അറസ്റ്റിലായിട്ടുള്ളത്. കൊളംബിയ സർവ്വകലാശാലയിലാണ് യുദ്ധ വിരുദ്ധ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് ആരംഭം കുറിച്ചത്.

ഇസ്രയേലിന്റെ അധിനിവേശത്തെ രൂക്ഷമായി വിമർശിച്ചും അമേരിക്കയുടെ ഇസ്രയേൽ പക്ഷപാത നയത്തെ എതിർത്തുമാണ്‌ വിദ്യാർഥികളുടെ പ്രതിഷേധം. ‘യഥാർഥ അമേരിക്ക ഗാസയ്‌ക്കൊപ്പം’ എന്ന്‌ രേഖപ്പെടുത്തിയ പ്ലക്കാർഡുകൾ ഏന്തിയാണ്‌ വിദ്യാർഥികളുടെ പ്രതിഷേധം.