2009-ന് ശേഷം ആദ്യമായി മറ്റേത് രാജ്യത്തെക്കാളും കൂടുതൽ വിദ്യാർത്ഥികളെ യുണെറ്റഡ് സ്റ്റേറ്റ്സിലേക്ക് അയച്ച രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ ഓപ്പൺ ഡോഴ്സ് റിപ്പോർട്ട് എടുത്തുകാട്ടി ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. 3,30,000ന് മേൽ ഇന്ത്യക്കാരാണ് 2023 – 24 അധ്യയന വർഷത്തിൽ യുണെറ്റഡ് സ്റ്റേറ്റ്സിൽ ഉന്നത വിദ്യാഭ്യാസത്തിനായി എത്തിയത്. കഴിഞ്ഞ അധ്യയന വർഷത്തേക്കാൾ 23 ശതമാനം വർദ്ധനയുണ്ട്. ഇതോടെ ഏറ്റവും കൂടുതൽ അന്തർദേശീയ മാസ്‌റ്റേഴ്‌സ് ബിരുദ വിദ്യാർത്ഥികളെ അമേരിക്കയിലേക്ക് അയക്കുന്ന രാജ്യം എന്ന സ്ഥാനം തുടർച്ചയായ രണ്ടാം വർഷം ഇന്ത്യ നിലനിർത്തി.
ഇന്ത്യൻവിദ്യാർഥികൾ ഏറ്റവും കൂടുതൽ പഠിക്കുന്നത് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലാണ്. 1.97 ലക്ഷത്തോളം വിദ്യാർഥികളാണ് ഇവിടെ വിവിധ മാസ്റ്റേഴ്‌സ് ബിരുദത്തിന് പഠിക്കുന്നത്. മുൻവർഷത്തെക്കാൾ 19 ശതമാനം വർധന ഇവരുടെ എണ്ണത്തിലുണ്ടായി. നൈപുണിവികസനത്തിനുള്ള ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒ.പി.ടി.) കോഴ്‌സുകളിൽ 97000-ലേറെ ഇന്ത്യൻ വിദ്യാർഥികൾ ചേർന്നു. മുൻവർഷത്തെക്കാൾ 41 ശതമാനം അധികമാണിത്.
പ്പൺ ഡോഴ്സ് റിപ്പോർട്ട് പ്രകാശനം അന്തർദേശീയ വിദ്യാഭ്യാസത്തിന്റെയും ലോകമെമ്പാടുമുള്ള വിദ്യാർത്ഥി എക്സ്ചേഞ്ച് പ്രോഗ്രാമുകളുടെയും നേട്ടങ്ങൾ ആഘോഷിക്കുന്ന അന്തർദേശീയ വിദ്യാഭ്യാസ വാരാചരണത്തിന് തുടക്കമിടുന്നു. ഇതിന്‍റെ ഭാഗമായി ജോൺ ഹോപ്‌കിൻസ് സർവകലാശാലയുടെ ഗുപ്താ-ക്ലിൻസ്കി ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്, യുഎസ്-ഇന്ത്യ അലയൻസ് ഫോർ വിമൻസ് ഇക്കണോമിക് എംപവർമെൻറ് എന്നിവ ചേർന്ന് ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം, മെഡിസിൻ എന്നീ മേഖലകളിലെ (STEMM)വനിതാ ശാസ്ത്രജ്ഞരെയും ഗവേഷകരെയും പിന്തുണയ്ക്കാനായി ഫെല്ലോഷിപ്പ് നൽകാൻ തീരുമാനമായി.