ന്യൂജേഴ്സിയിലെ നെവാർക്ക് നഗരത്തിലെ മുഹമ്മദ് മസ്ജിദിലെ ഇമാം ഹസ്സൻ ഷെരീഫിനെ അജ്ഞാതർ വെടി വെച്ച് കൊന്നു. ബുധനാഴ്ച പുലർച്ചെ പ്രാർത്ഥന കഴിഞ്ഞ് പള്ളിക്ക് പുറത്തെത്തിയ ഹസ്സന് നേരെ തോക്കുമായെത്തിയ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ പുരോഹിതനെ സമീപത്തെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ ഇതുവരെ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വെടിവെപ്പിന് എന്താണ് കാരണം എന്ന് വ്യക്തമല്ല. 2006 മുതൽ നെവാർക്കിലെ ലിബേർട്ടി ഇന്റർനാഷണൽ എയർപ്പോർട്ടിൽ ട്രാൻസ്പോർട്ട് സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്ത് വരുന്നതോടൊപ്പമാണ് മുഹമ്മദ് മസ്ജിദിലെ ഇമാമിന്റെ ചുമതലയും ഹസ്സൻ ഷരീഫ് ചെയ്തു പോന്നിരുന്നത്.
രക്തത്തിൽ കുളിച്ച് കിടന്ന ഇമാമിനെ പരിസരവാസികളും പള്ളിയിൽ പ്രാർത്ഥനക്കെത്തിയവരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇമാം പിന്നീട് മരണത്തിനു കീഴടങ്ങി. പോസ്റ്റ്മാർട്ടത്തിൽ മൃതദേഹത്തിൽ നിന്നും രണ്ടിലധികം വെടിയുണ്ടകളാണ് കണ്ടെടുത്തിയിട്ടുള്ളത്. സംഭവത്തിൽ ന്യൂജേഴ്സി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മുസ്ലീം പൗരാവകാശ സംഘടനായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് ഇൻ ന്യൂജേഴ്‌സിയും (CAIR-NJ) അഭിഭാഷക സംഘടനയും നിലവിൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സംഭവത്തെ അപലപിച്ച ഇവർ വിവരം ലഭിക്കുന്നവർ പ്രാദേശിക നിയമപാലകരുമായി ബന്ധപ്പെടണമെന്ന് ആളുകളോട് ആവശ്യപ്പെട്ടു. അതെ സമയം ആക്രമിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25000 ഡോളർ പാരിതോഷികമായി നൽകുമെന്ന് ന്യൂജേഴ്സി ഗവർണർ ഫിൽ മർഫി വാഗ്ദാനം ചെയ്തു . മുസ്ലിം വിഭാഗത്തിന് തന്നാൽ കഴിയും വിധം സുരക്ഷയും സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.