കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ അനുകൂല, ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളെഴുതി വികൃതമാക്കി. ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനാണ് ന്യൂവാര്‍ക്കിലെ സ്വാമിനാരായണ്‍ മന്ദിര്‍ വാസന സൻസ്ത വികൃതമാക്കിയതിന്റെ ചിത്രങ്ങള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചത്. ക്ഷേത്രത്തിന്‍റെ ചുവരിൽ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയുള്ള മുദ്രാവാക്യങ്ങള്‍ ഈ ചിത്രങ്ങളില്‍ കാണാം. അതെ സമയം നേവാര്‍ക്ക് പോലീസ് വകുപ്പിലും ജസ്റ്റിസ് സിവില്‍ റൈറ്റ്‌സ് ഡിവിഷന്‍ വകുപ്പിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അപലപിച്ച ഇന്ത്യ, ഉടന്‍ നടപടിയെടുക്കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു. പുറം ഭിത്തിയിൽ ചുവരെഴുത്തുകൾ കണ്ടെത്തിയ ക്ഷേത്ര ഭരണസമിതി പ്രാദേശിക അധികാരികളെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് ക്ഷേത്രം അധികൃതരുടെ വാദം.
ഇന്ത്യ വിരുദ്ധ ചുവരെഴുത്തുകളുമായി കാലിഫോര്‍ണിയ നേവാര്‍ക്കിലെ എസ്.എം.വി.എസ് ശ്രീ സ്വാമിനാരായണ മന്ദിറിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇന്ത്യന്‍ വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഈ സംഭവം. ഇതില്‍ ഉടനടി അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യു.എസ് അധികൃതരോട് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്’, ഇന്ത്യന്‍ എംബസി എക്‌സില്‍ കുറിച്ചു.
നേരത്തെ കാനഡയിലെ ഹിന്ദു ക്ഷേത്രത്തിലും സമാനമായ രീതിയില്‍ എഴുതിവച്ചിരുന്നു. ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ഈ വര്‍ഷം ജൂണ്‍ 18 ന് കാനഡയില്‍ വെടിയേറ്റ് മരിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയന്ത്ര പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ഖലിസ്ഥാന്‍ നേതാവ് പന്നൂനിന് നേരെ യു.എസില്‍ കൊലപാതകശ്രമം ഉണ്ടായതും വിവാദങ്ങള്‍ക്കിടയാക്കി. ഈ സംഭവങ്ങള്‍ക്കിടെയാണ് സ്വാമിനാരായണ്‍ ക്ഷേത്രത്തിന് നേര്‍ക്കും അതിക്രമം ഉണ്ടായിരിക്കുന്നത്.