US
  • inner_social
  • inner_social
  • inner_social

മൃതദേഹങ്ങളുടെ ശരീരഭാഗങ്ങൾ മോഷ്ടിച്ചു വിറ്റു: ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ മോർച്ചറി മാനേജർ അറസ്റ്റിൽ

അനുമതിയില്ലാതെ മൃതദേഹഭാഗങ്ങൾ എടുത്ത് വിറ്റ ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ മോർച്ചറി മാനേജർ അറസ്റ്റിൽ. ബുധനാഴ്ച ഇയാൾക്കെതിരെ പൊലീസ് പുറത്തുവിട്ട കുറ്റപത്രത്തിൽ പറയുന്നത് മൃതദേഹങ്ങളുടെ ആന്തരിക അവയവങ്ങൾ ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങൾ മോഷ്ടിച്ച് വില്പന നടത്തി എന്നാണ്. 55 -കാരനായ സെഡ്രിക് ലോഡ്ജാണ് സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ പിടിയിലായിരിക്കുന്നത്. സംഭവത്തിൽ സെഡ്രിക് ലോഡ്ജിന്റെ ഭാര്യയും 63 -കാരിയുമായ ഡെനിസ് ലോഡ്ജ് ഉൾപ്പെടെ 5 പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. 2018 മുതൽ 2021 വരെയുള്ള കാലഘട്ടങ്ങളിൽ ആണ് മൃതദേഹങ്ങളിൽ നിന്ന് “തല, തലച്ചോറ്, ചർമ്മം, എല്ലുകൾ” എന്നിവ സെഡ്രിക് ലോഡ്ജ് ഓൺലൈനിൽ വിറ്റത്.

മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കുന്നതിനും മറ്റ് ആരോഗ്യസംബന്ധമായ പഠനങ്ങൾക്ക് ഉപയോഗിക്കുന്നതിനും ആയി സ്വമേധയാ തങ്ങളുടെ മൃതശരീരങ്ങൾ ദാനം ചെയ്ത വ്യക്തികളുടെ മൃതദേഹങ്ങൾ ആണ് ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഈ മൃതദേഹങ്ങളോട് ഇയാൾ കാണിച്ച അനാദരവ് അംഗീകരിക്കാൻ കഴിയാത്തതാണ് എന്ന് കേസ് പരിശോധിച്ച കോടതി നിരീക്ഷിച്ചു.

ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ “അനാട്ടമിക്കൽ ഗിഫ്റ്റ് പ്രോഗ്രാമിന്റെ” മാനേജർ എന്ന നിലയിലുള്ള തന്റെ സ്ഥാനം, മെഡിക്കൽ ഗവേഷണത്തിനായി സംഭാവന ചെയ്ത മൃതദേഹങ്ങൾ ദുരൂപയോഗം ചെയ്യാൻ ലോഡ്ജ് ഉപയോഗിച്ചുവെന്ന് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു. ബുധനാഴ്ച ന്യൂ ഹാംഷെയർ ഫെഡറൽ കോടതിയിൽ ആദ്യം ഹാജരായതിന് ശേഷം സെഡ്രിക്കും ഡെനിസ് ലോഡ്ജും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിസമ്മതിച്ചു.

ബോസ്റ്റണിലെ ഹാർവാർഡ് മെഡിക്കൽ സ്കൂൾ മോർച്ചറിയിൽ നിന്ന് മൃതദേഹങ്ങൾ ന്യൂ ഹാംഷെയറിലെ ഗോഫ്‌സ്റ്റൗണിലെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോയാണ് ഇവർ ശരീരഭാഗങ്ങൾ മോഷ്ടിച്ചിരുന്നത്. ഇവരിൽ നിന്നും ശരീരഭാഗങ്ങൾ വാങ്ങുന്ന ഇടനിലക്കാർ അത് കൂടിയ വിലയ്ക്ക് മറിച്ച് വിൽക്കുകയായിരുന്നു ചെയ്തിരുന്നത്. ഇവരുമായി ബന്ധപ്പെട്ട വലിയൊരു അവയവക്കടത്ത് സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചത്.