അമേരിക്കയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട കറുത്ത വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ അനന്തരവള്‍ക്ക് നേരെയും ആക്രമണം. നാല് വയസുകാരിയായ അരിയാന ഡെലെയ്ന്‍ ഫ്‌ളോയിഡിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന അരിയാനക്ക് നേരെ അജ്ഞാതന്‍ വെടിവെക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
ഹൂസ്റ്റണിലെ വീട്ടിലായിരുന്ന അരിയാനക്ക് സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അരിയാന കിടന്നുറങ്ങിയിരുന്ന മുറിയിലെ ജനലിലൂടെയായിരുന്നു വെടിവെച്ചത്. കുട്ടി സര്‍ജറിക്ക് വിധേയമായിട്ടുണ്ട്, സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അക്രമത്തിന് പിന്നിലെ കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഹൂസ്റ്റണ്‍ പോലീസ് അറിയിച്ചു. കുട്ടിയെയോ കുടുംബത്തിലെ മറ്റുള്ളവരെയോ ലക്ഷ്യമിട്ടാണോ വെടിവെപ്പ് നടത്തിയതെന്ന കാര്യം പരിശോധിച്ചുവരികയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. അതെ സമയം പോലീസ് സ്ഥലത്തെത്താന്‍ വൈകിയെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ഹൂസ്റ്റണ്‍ പോലീസ് ചീഫ് ട്രോയ് ഫിന്നറും വ്യക്തമാക്കി.
2020-ലാണ് ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ പോലീസ് ഉദ്യോഗസ്ഥനായ ഡെറിക് ചൗ ദാരുണമായി കൊലപ്പെടുത്തിയത്. ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്ത് പോലീസുകാരൻ കാല്‍മുട്ടിനിടയില്‍ ഞെരിച്ചമര്‍ത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തില്‍ ലോകവ്യാപകമായി ശക്തമായ പ്രതിഷേധമാണുയര്‍ന്നത്.