US
  • inner_social
  • inner_social
  • inner_social

ചെലവ് ചുരുക്കല്‍: നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് വീണ്ടും ഗൂഗിള്‍

ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിൾ. ഹാർഡ്‌വെയർ, വോയ്‌സ്‌ അസിസ്റ്റിങ്‌, ഓഗ്മെന്റഡ് റിയാല്‍റ്റി ഹാര്‍ഡ്‌വെയര്‍ വിഭാഗത്തിലെ നൂറുകണക്കിന്‌ ജീവനക്കാരെയാണ്‌ പറഞ്ഞുവിടുന്നത്‌. പിരിച്ചുവിടാൻ തീരുമാനിച്ചതിന് ശേഷം കൂടുതൽ ചെലവ് ചുരുക്കൽ നടപടികളിലേക്ക് കടന്നിട്ടുണ്ട് ഗൂഗിൾ. ഇതിലൊന്നാണ് ജീവനക്കാർക്ക് നൽകുന്ന ആപ്പിൾ മാക്ബുക്ക് ലാപ്ടോപ്പ് ഇനി എഞ്ചിനീയറിംഗ് ടീമിന് മാത്രം നൽകുക എന്ന തീരുമാനം. എഞ്ചിനീയറിംഗ് ഇതര വിഭാഗത്തിലെ ജീവനക്കാർക്ക് ക്രോംബുക്ക് ലാപ്ടോപ്പുകൾ നൽകും.

അതെ സമയം വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം സാധ്യമാക്കാനാണ് മാറ്റം കൊണ്ടുവരുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം.വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും മുന്‍ഗണനാടിസ്ഥാനത്തില്‍ വലിയ ഉത്പന്നങ്ങളിലേയ്ക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും മാറ്റങ്ങള്‍ ആവശ്യമായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. 12,000 പേരെയോ ഏകദേശം ആറുശതമാനം ജീവനക്കാരെയോ പിരിച്ചുവിടുമെന്ന് ഗൂഗിൾ ഒരു വർഷം മുമ്പ് പറഞ്ഞിരുന്നു. ജോലി നഷ്ടപ്പെട്ടവർക്ക് ഗൂഗിളിലെതന്നെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരവും കമ്പനി നൽകിയിട്ടുണ്ട്.സാമ്പത്തിക മാന്ദ്യത്തിന്റെ പേരിലുള്ള പിരിച്ചുവിടലിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ടവരെ സഹായിക്കാൻ പാക്കേജുകൾ നൽകുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.

ആൽഫബെറ്റ് വർക്കേഴ്‌സ് യൂണിയൻ പിരിച്ചുവിടലിനെതിരെ രംഗത്തുവന്നു. “മികച്ച ഉത്പന്നങ്ങള്‍ക്കായി ജീവനക്കാര്‍ ദിവസവും കഠിനാധ്വാനം ചെയ്യുന്നു. ഓരോ പാദത്തിലും ശതകോടികള്‍ സമ്പാദിക്കുന്ന കമ്പനിക്ക് ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരാനാവില്ല”-യൂണിയന്‍ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.