US
  • inner_social
  • inner_social
  • inner_social

പെന്റഗൺ രഹസ്യരേഖ ചോർച്ച: ആശങ്കയിൽ യു എസ്, അറസ്റ്റിലായ വ്യോമസേനാംഗത്തിനെതിരെ ചാരവൃത്തിക്കുറ്റം ചുമത്തി

പെന്റഗൺ രഹസ്യരേഖ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുഎസ് നാഷണൽ ഗാർഡ് അംഗം എയർമാൻ ജാക്ക് ടെയ്‌സെയ്‌രിനെതിരെ ചാരവൃത്തി നിയമപ്രകാരം കേസെടുത്തു. മസാച്യുസെറ്റ്‌സ് എയർ നാഷണൽ ഗാർഡിലെ അംഗമാണ് 21 കാരനായ ജാക്ക് ടെയ്‌സെയ്‌ർ. ഒരു ഓൺലൈൻ ഗെയിമിങ് ചാറ്റ് ഗ്രൂപ്പിലാണ് പെന്റഗണിന്റെ അതീവ രഹസ്യാത്മക സ്വഭാവമുള്ള രേഖകൾ പോസ്റ്റ് ചെയ്തതെന്നും, യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ കുറിച്ചും മറ്റ് സുപ്രധാന അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചുമുള്ള പെന്റഗൺ രേഖകളടക്കമാണ് ചോർന്നതെന്നും ന്യൂ യോർക്ക് ടൈംസ് റിപ്പോട്ട് ചെയ്യുന്നു. സാമൂഹികമാധ്യമമായ ഡിസ്‌കോഡിൽ ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട ‘തഗ് ഷേക്കർ സെൻട്രൽ’ എന്ന ചാറ്റ്‌റൂമിലെ പ്രധാനിയാണ് പ്രതി. ഈ ഗ്രൂപ്പിലാണ് ഇയാൾ രേഖകൾ ആദ്യം പോസ്റ്റ് ചെയ്തതെന്നാണ് വിവരം.

ദേശീയ പ്രതിരോധ വിവരങ്ങൾ അനധികൃതമായി കൈവശം വയ്ക്കുകയും കൈമാറ്റം ചെയ്യുകയും, രഹസ്യ വിവരങ്ങളും പ്രതിരോധ സാമഗ്രികളും അനധികൃതമായി നീക്കം ചെയ്യുക തുടങ്ങി രണ്ട് കുറ്റങ്ങളാണ് ബോസ്റ്റണിലെ ഫെഡറൽ കോടതി ജാക്ക് ടെയ്‌സെയ്‌റയ്ക്കെതിരെ ചുമത്തിയത്. ഇയാളെ ബോസ്റ്റണിൽ തടവിലാക്കിയിരിക്കുകയാണ്.

ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസിനെ യു.എസ്. നിരീക്ഷണവലയത്തിലാക്കി എന്നതടക്കം നിരവധി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പെന്റഗൺ രഹസ്യ രേഖകളിൽ ഉണ്ട്. റഷ്യയെ അനുകൂലിക്കുന്നുയെന്നും വിവരങ്ങൾ ചോർത്തുന്നുയെന്നും സംശയം മൂത്തതോടെ ഗുട്ടറെസിനെ യു.എസ്. നിരീക്ഷണവലയത്തിലാക്കിയെന്നും ആണ് രേഖയിൽ പറയുന്നത്. അതെ സമയം പെന്റഗൺ രഹസ്യരേഖ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള അന്വേഷണം നടത്തുമെന്ന് യു.എസ്. ദേശീയ സുരക്ഷാവക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.

അമേരിക്കയിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നടക്കുന്ന ഏറ്റവുംവലിയ രഹസ്യരേഖാചോർച്ചയാണിത്. സുപ്രധാനവിവരങ്ങളടങ്ങുന്ന ഫയലുകൾ പുറത്തായത് അമേരിക്കയ്ക്ക് വലിയ നാണക്കേടായിരുന്നു. അന്വേഷണ ഏജൻസികൾ കടുത്ത സമ്മർദത്തിലുമായി. രേഖകൾ ചോർന്നത് നയതന്ത്രവീഴ്ചയായി സഖ്യകക്ഷികൾ വിലയിരുത്തുമോയെന്ന ആശങ്ക യു.എസിനുണ്ട്.