ട്വിറ്റര്‍ ഏറ്റെടുക്കില്ലെന്ന് ഇലോണ്‍ മസ്ക്. ട്വിറ്റര്‍ വാങ്ങുന്നതിനുള്ള 44 ബില്യൺ ഡോളറിന്റെ കരാർ അവസാനിപ്പിക്കുകയാണെന്ന് ടെസ്‌ല യുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ലോകത്തിലെ ഏറ്റവും ധനികനുമായ ഇലോൺ മസ്‌ക് വെള്ളിയാഴ്ചയാണ് പറഞ്ഞത്. വില്‍പന കരാറിലെ വ്യവസ്ഥകള്‍ ട്വിറ്റര്‍ പാലിച്ചില്ലെന്നും ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയില്ലെന്നും ആരോപിച്ചാണ് പിന്മാറ്റമെന്ന് മസ്‌ക് അറിയിച്ചു. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കരാറില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെ മസ്കിനെതിരെ കേസ് നല്‍കും എന്നാണ് ട്വിറ്റര്‍ അറിയിക്കുന്നത്.ഏറ്റെടുക്കല്‍ നടപ്പാക്കാൻ നിയമനടപടികൾ സ്വീകരിക്കാൻ ബോർഡ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്വിറ്ററിന്റെ ചെയർമാൻ ബ്രെറ്റ് ടെയ്‌ലർ ട്വീറ്റ് ചെയ്തു. “മസ്കുമായി സമ്മതിച്ച വിലയിലും വ്യവസ്ഥകളിലും ഇടപാട് അവസാനിപ്പിക്കാൻ ട്വിറ്റർ ബോർഡ് പ്രതിജ്ഞാബദ്ധമാണ്, ലയന കരാർ നടപ്പിലാക്കാൻ നിയമനടപടി സ്വീകരിക്കാൻ പദ്ധതിയിടുന്നു,” ബ്രെറ്റ് ടെയ്‌ലർ ട്വീറ്റ് ചെയ്തു. “ഞങ്ങൾ വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.” – ട്വീറ്റില്‍ പറയുന്നു.
അതെ സമയം ട്വിറ്ററിനെ കൂടുതല്‍ സുതാര്യമാക്കുക, ട്വീറ്റുകളിലെ അക്ഷരങ്ങളുടെ നീളം കൂട്ടുക, അല്‍ഗൊരിതം മാറ്റുക, കൂടുതല്‍ ആശയപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം നല്‍കുക എന്നിവയെല്ലാം ട്വിറ്ററില്‍ താന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുതായി മസ്‌ക് നേരത്തെ അറിയിച്ചിരുന്നു.സ്പാം, വ്യാജ അക്കൗണ്ടുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ട്വിറ്റര്‍ തയ്യാറായില്ലെങ്കില്‍, കരാറില്‍ നിന്ന് താന്‍ പുറത്തുപോകുമെന്ന് കഴിഞ്ഞ മാസം മസ്‌ക് അറിയിച്ചിരുന്നു. പ്രതിദിനം ഒരു ദശലക്ഷം സ്പാം അക്കൗണ്ടുകള്‍ തടയുന്നുണ്ടെന്ന് ട്വിറ്റര്‍ അവകാശപ്പെട്ടിരുന്നു.