‘ഡൊണാൾഡ്, ധൈര്യമുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കിപ്പറയൂ’; ട്രംപിനെ സംവാദത്തിനു വെല്ലുവിളിച്ച് കമല ഹാരിസ്

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണൾഡ് ട്രംപി​നെ വെല്ലുവിളിച്ച് കമല ഹാരിസ്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ തന്റെ മുഖത്ത് നോക്കി പറയുവെന്ന് ട്രംപിനോട് കമല ഹാരിസ് പറഞ്ഞു. തന്റെ വൈറ്റ് ഹൗസിലേക്കുള്ള പാത വ്യക്തമാണെന്നും ട്രംപ് തീരുമാനത്തിൽ പുനപരിശോധന വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമല ഹാരിസ് പറഞ്ഞു. സെപ്റ്റംബറിൽ നടക്കുന്ന യു.എസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദത്തിൽ പ​ങ്കെടുക്കുന്നതിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുവരെ സമ്മതമറിയിച്ചിട്ടില്ല. ഇതോടെയാണ് ​​ട്രംപിനെ വെല്ലുവിളിച്ച് കമല ഹാരിസ് രംഗത്തെത്തിയത്.

ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെടുകയും നവംബർ അഞ്ചിന്റെ തെരഞ്ഞെടുപ്പിൽ ട്രംപിനെ പരാജയപ്പെടുത്തുകയും ചെയ്താൽ അമേരിക്കൻ പ്രസിഡന്റാകുന്ന ആദ്യ വനിതയാകും കമല ഹാരിസ്‌. സാൻ ഫ്രാൻസിസ്കോയുടെ ഡിസ്‌ട്രിക്ട്‌ അറ്റോർണിയായ ആദ്യ കറുത്തവംശജയാണ്‌ കമല ഹാരിസ്‌ . 2011ൽ കലിഫോർണിയ അറ്റോർണി ജനറലായപ്പോൾ ആ പദവിയിലെത്തിയ ആദ്യ സ്ത്രീയും ആദ്യ ആഫ്രിക്കൻ വംശജയും ആദ്യ ദക്ഷിണേഷ്യൻ വംശജയുമായി. 2016ൽ കലിഫോർണിയയിൽനിന്ന്‌ സെനറ്ററായപ്പോൾ ആ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ആഫ്രിക്കൻ വംശജയും ആദ്യ ദക്ഷിണേഷ്യൻ വംശജയുമായി. 2021ൽ അമേരിക്കയിലെ ആദ്യ വനിതാ വൈസ്‌ പ്രസിഡന്റായി. കമലയുടെ അച്ഛൻ ഡോണൾഡ്‌ ജെ ഹാരിസ്‌ ജമൈക്കക്കാരനാണ്‌. അമ്മ ശ്യാമള ഗോപാലൻ തമിഴ്നാട്ടുകാരിയാണ്. അമേരിക്കയിലെ കറുത്ത വംശജരായ സ്ത്രീകൾ കമലയ്ക്കുവേണ്ടി പ്രചാരണം ആരംഭിച്ചു.

അതെ സമയം ഗാസയിലെ മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് കമല ഹാരിസ് ആവശ്യപ്പെട്ടു . അമേരിക്കയിലെത്തിയ നെതന്യാഹു യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും കമല ഹാരിസുമായും പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.