ട്രംപിന്റെ സ്ഥാനാരോഹണത്തിനു മുൻപ് മടങ്ങിയെത്തണം; വിദേശ വിദ്യാർഥികളോട് സർവകലാശാലകൾ

ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കുമുമ്പ്‌ തിരിച്ചെത്താൻ വിഭ്യാർഥികളോട്‌ ആവശ്യപ്പെട്ട്‌ അമേരിക്കൻ സർവകലാശാലകൾ. ശൈത്യകാല അവധി കഴിയുന്നതിനു മുമ്പ്‌ മടങ്ങണമെന്ന് മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും(എംഐടി) നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്ത്‌ പുറത്തുള്ള വിദ്യാർഥികളോടും ജീവനക്കാരോടും നിർദ്ദേശിച്ചു. ജനുവരി 20-ന് ആണ് ഡോണാൾഡ് ട്രംപ്‌ അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കുന്നത്. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) ഇൻ്റർനാഷണൽ സ്റ്റുഡൻ്റ്സ് ഓഫീസിൻ്റെ അസോസിയേറ്റ് ഡീനും ഡയറക്ടറുമായ ഡേവിഡ് എൽവെൽ, വരാനിരിക്കുന്ന ശൈത്യകാല അവധിക്കാലത്തേക്കുള്ള യാത്രാ പദ്ധതികൾ ശ്രദ്ധാപൂർവ്വം പരിഗണിക്കാൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.

യു എസ് പ്രസിഡന്റായി അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ കുടിയേറ്റം കേന്ദ്രീകരിച്ചുള്ള ഉത്തരവിൽ ട്രംപ് ഒപ്പിടുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് ഇത്തരം ഒരു നിർദ്ദേശം ഉണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ട്രംപിന്റെ മുൻഭരണ കാലത്ത് ഏർപ്പെടുത്തിയ യാത്രനിരോധനം മൂലമുണ്ടായ പ്രശ്നങ്ങളും ഇത്തരം ഒരു നിർദ്ദേശം പുറപ്പെടുവിപ്പിക്കാൻ കാരണമായിട്ടുണ്ടെന്നാണ് വിവരം.

രാജ്യത്ത് 11 ദശലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാർ ഉണ്ടെന്നാണ് കണക്ക്. ഇന്റർനാഷണൽ എജ്യുക്കേഷണൽ എക്‌സ്‌ചേഞ്ചിന്റെ 2024ലെ റിപ്പോർട്ട് പ്രകാരം യുഎസിൽ 1.1 ദശലക്ഷം വിദേശ വിദ്യാർഥികളാണുള്ളത്‌. അവരിൽ 3,30,000 പേരും ഇന്ത്യക്കാരാണ്‌. ഹയർഎഡ് ഇമിഗ്രേഷൻ പോർട്ടൽ കണക്കനുസരിച്ച്‌ നിലവിൽ 400,000-ത്തിലധികം അനധികൃത വിദ്യാർഥികൾ യുഎസിൽ ഉന്നത വിദ്യാഭ്യാസത്തിനായി ചേർന്നിട്ടുണ്ട്‌. ഇന്ത്യയിൽ നിന്നുള്ള 330,000-ലധികം വിദേശ വിദ്യാർഥികൾക്കും എഫ് -വിസ ഉള്ളവരെ ട്രംപ് ഭരണകൂടത്തിന്റെ ഏതെങ്കിലും തരത്തിലുള്ള വിസ നിരോധനം ബാധിക്കാൻ സാധ്യതയില്ല.