അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരിക്കും നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ വിജയിച്ചില്ലെങ്കില്‍ അത് രക്തച്ചൊരിച്ചിലിന് കാരണമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരം ഉറപ്പിച്ച ശേഷം ഒഹിയോയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിർസ്ഥാനാത്ഥിയും അമേരിക്കൻ പ്രസിഡന്റുമായ ജോ ബൈഡനെയും പ്രസംഗത്തിൽ ട്രംപ് രൂക്ഷമായി വിമർശിച്ചു. ജോ ബൈഡൻ “ഏറ്റവും മോശം” പ്രസിഡൻ്റാണെന്ന് ട്രംപ് ആരോപിച്ചു.
അതെ സമയം ചൈനയുമായുള്ള മെക്സിക്കോ ഇടപാടിന്റെ പശ്ചാത്തലത്തിൽ ‘സാമ്പത്തിക ക്ഷാമം’ ഉണ്ടാകും എന്ന തരത്തിൽ ആണ് ട്രംപ് സംസാരിച്ചതെന്നും, രക്തച്ചൊരിച്ചിൽ എന്ന പ്രയോഗം മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ട്രംപ് അനുകൂലികൾ എക്സ് പ്ലാറ്റ്‌ഫോമിൽ വിശദീകരണവുമായി രംഗത്തുണ്ട്.
അതെ സമയം ട്രംപിന്റെ രക്തച്ചൊരിച്ചിൽ പ്രസ്താവനയുടെ പൊരുൾ ഇനിയും വ്യക്തമായിട്ടില്ല. മെക്‌സിക്കോയില്‍ കാര്‍ നിര്‍മാണം നടത്തി അമേരിക്കയില്‍ വില്‍ക്കാനുള്ള ചൈനയുടെ പദ്ധതിയെ വിമര്‍ശിച്ചതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ രക്തച്ചൊരിച്ചില്‍ പ്രയോഗമെന്നതും ശ്രദ്ധേയമാണ്. ‘രാജ്യത്ത് ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്ന് സംശയമാണ്. ഇപ്പോള്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് രക്തച്ചൊരിച്ചിലായിരിക്കും നടക്കുക. അത് രാജ്യത്തിനുവേണ്ടിയുള്ള രക്തച്ചൊരിച്ചിലായിരിക്കും. ഞാൻ തിരഞ്ഞെടുക്കപ്പെട്ടാൽ അവർക്ക് ആ കാറുകൾ വിൽക്കാൻ കഴിയില്ല,’ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
നേരത്തെ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ നിന്ന് ഇന്ത്യൻ വംശജ നിക്കി ഹേലി പിന്മാറിയിരുന്നു. ഇതോടെ ട്രംപാകും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്റെ എതിരാളിയെന്ന് ഉറപ്പായിരുന്നു. നവംബർ അഞ്ചിലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയെ കണ്ടെത്താൻ 15 സംസ്ഥാനങ്ങളിൽ പ്രൈമറികൾ നടന്ന സൂപ്പർ ചൊവ്വയിൽ 14 ഇടത്തും ഡൊണാൾഡ് ട്രംപിന് വിജയിച്ചിരുന്നു, ഇതിനു പിന്നാലെ ആണ് നിക്കി ഹേലിയുടെ പിന്മാറ്റം.