US
  • inner_social
  • inner_social
  • inner_social

പ്രചാരണവേദിയിൽ കമലാ ഹാരിസിനെതിരെ വീണ്ടും വംശീയ അധിക്ഷേപവുമായി ഡൊണാൾഡ് ട്രംപ്

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെതിരെ വീണ്ടും അധിക്ഷേപവുമായി റിപ്പബ്ലിക്കൻ പാർടി നേതാവ്‌ ഡൊണാൾഡ് ട്രംപ്‌. കമല ഹാരിസിനേക്കാളും സൗന്ദര്യം തനിക്കുണ്ടെന്നാണ് ട്രംപിന്റെ പ്രസ്താവന. ശനിയാഴ്ച പെൻസിൽവാനിയയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെയാണ് ട്രംപിന്റെ പുതിയ പരാമർശം. നിരവധി വംശീയ- വ്യക്തി അധിക്ഷേപങ്ങളാണ് കമലയ്‍ക്കെതിരെ ട്രംപ് വേദിയിൽ നടത്തിയത്.

ടൈം മാസികയുടെ പക്കൽ കമല ഹാരിസിന്റെ നല്ല ചിത്രമുണ്ടായിരുന്നില്ലെന്നും അവർ കമലയുടെ ചിത്രം ഒരു ആർട്ടിസ്റ്റിനെ കൊണ്ട് വരപ്പിക്കുകയാണുണ്ടാതെന്നും ട്രംപ്‌ പറഞ്ഞു. ബൈഡന് എന്ത് സംഭവിച്ചു? താൻ ബൈഡനെതിരെയായിരുന്നു ആദ്യം മത്സരിച്ചിരുന്നത്‌, ഇപ്പോൾ താൻ മറ്റൊരാൾക്കെതിരെയാണ് മത്സരിക്കുന്നതെന്നും ആരാണ് കമല ഹാരിസ് എന്നും ട്രംപ്‌ റാലിയിൽ ചോദിച്ചു. രാജ്യത്തെ സാമ്പത്തിക പ്രശ്നങ്ങൾ ആയിരുന്നു ട്രംപിന്റെ പെൻസിൽവാനിയ പ്രസംഗത്തിന്റെ പ്രധാന ശ്രദ്ധാ പോയിന്റ്. എന്നാൽ പ്രസംഗം തുടങ്ങിയതിന് പിന്നാലെ ട്രംപ് വ്യക്തിഅധിക്ഷേപങ്ങൾ ആരംഭിക്കുകയായിരുന്നു.

അതേസമയം പെൻസിൽവാനിയ പോലുള്ള നിർണായക മണ്ഡലങ്ങളിൽ കമല ഹാരിസ് പിന്തുണ വര്‍ധിപ്പിക്കുന്നുവെന്നാണ് വിവിധ സർവേ ഫലങ്ങൾ കാണിക്കുന്നത്. യുഎസ് ഇലക്ടറൽ കോളേജ് സമ്പ്രദായത്തിന് കീഴിൽ അന്തിമ ഫലം തീരുമാനിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന മേഖലയാണ് പെൻസിൽവാനിയ.