മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്തു. കോടതിയിലെത്തി കീഴടങ്ങിയ ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജഡ്ജിക്ക് മുന്നിൽ ഹാജരാക്കുകയായിരുന്നു. ലൈംഗികാരോപണം മറച്ചുവയ്‌ക്കാൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് മുൻനീലച്ചിത്രനടിക്ക് പണം നൽകിയെന്ന കേസിൽ ആണ് അറസ്റ്റ്. ന്യൂയോർക്കിലെ മാൻഹാട്ടൻ കോടതിയിലെത്തിയാണ് ട്രംപ് കീഴടങ്ങിയത്. ജഡ്‌ജ് കുറ്റപത്രം വായിച്ച് കേൾപ്പിച്ചശേഷം അറസ്‌റ്റ് രേഖപ്പെടുത്തി. ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട് അറസ്‌റ്റിലാകുന്ന ആദ്യ മുൻ യുഎസ് പ്രസിഡന്റാണ് ട്രംപ്.
മാന്‍ഹാട്ടന്‍ ജില്ലാ അറ്റോര്‍ണിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ട്രംപിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. സ്‌റ്റോമി ഡാനിയേൽസുമായുള്ള ലൈംഗികബന്ധം പരസ്യമാക്കാതിരിക്കാൻ ട്രംപിന്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ സ്‌റ്റോമിക്ക് 1,30,000 ഡോളർ നൽകി എന്നാണ് കേസ്. തെരഞ്ഞെടുപ്പിൽ വിജയിച്ചശേഷം ട്രംപ് കോഹന് ഈ തുക വക്കീൽഫീസ് ഇനത്തിൽപ്പെടുത്തി നൽകി. ബിസിനസ് രേഖകളിൽ ട്രംപ് കൃത്രിമംകാട്ടിയത് കുറ്റകരമെന്നാണ് കണ്ടെത്തൽ. അതെ സമയം കോടതിയിൽ കീഴടങ്ങുന്നതിന് മുമ്പും മാന്‍ഹാട്ടന്‍ അറ്റോര്‍ണിക്കും ജഡ്‌ജിനുമെതിരെ രൂക്ഷ വിമർശമുയർത്തി ഡോണൾഡ് ട്രംപ്. മാൻഹാട്ടൻ ജില്ലാ അറ്റോർണി ആല്‍വിന്‍ ബ്രാഗ് നിഷ്‌പക്ഷനല്ലെന്നും കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയതായും ട്രംപ് ആരോപിച്ചു.