പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ വോട്ടിങ് മെഷീനുകൾ പിടിച്ചെടുക്കാൻ ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖ പുറത്തായി. ഉന്നത സൈനിക ഉദ്യോഗസ്ഥർക്ക് നൽകിയ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. നാഷണൽ ആർക്കേവ്സ് പുറത്തുവിട്ട രേഖ പൊളിറ്റിക്കോ ആണ് പ്രസിദ്ധീകരിച്ചത്. വോട്ടെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ അധികാരത്തിൽ പ്രവേശിക്കുന്നത് തടയാൻ ട്രംപ് സാധ്യമായതെല്ലാം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് 2020 ഡിസംബർ 16 ന് വിവാദ ഉത്തരവ് പുറത്തിറങ്ങിയത്.
വോട്ടിങ് മെഷീനുകൾ പിടിച്ചെടുത്ത ശേഷം തിരിമറികൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സ്പെഷൽ കോണ്‍സലിനെ നിയോഗിച്ചുകൊണ്ടുള്ളതായിരുന്നു ഉത്തരവ്. എന്നാൽ ഉത്തരവിൽ ആരും ഒപ്പുവച്ചിരുന്നില്ല. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഇടപെടൽ മൂലമാണ് തെരഞ്ഞെടുപ്പിൽ തോറ്റതെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. വോട്ടെണ്ണൽ പൂർത്തിയായ ശേഷവും തോൽവി അംഗീകരിക്കാൻ ട്രംപ് തയാറായിരുന്നുമില്ല.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ അമേരിക്കന്‍ കാപിറ്റോളില്‍ ട്രംപ് അനുകൂലികള്‍ അഴിച്ചുവിട്ട കലാപത്തിലും ആക്രമണത്തിലും നിരവധി പേര്‍കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും ചേരുമ്പോഴാണ് ട്രംപ് അനുകൂലികള്‍ ഇരച്ചെത്തി കലാപം അഴിച്ചുവിട്ടത്.