ഒറ്റ രാത്രികൊണ്ട് ശതകോടീശ്വര പദവി നഷ്‌ടമായി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് എഫ്ടിഎക്‌സിന്റെ സിഇഒ സാം ബാങ്ക്മാന്‍- ഫ്രൈഡ്. 16 ബില്യൺ ഡോളറിന്റെ (ഏകദേശം 1.28 ലക്ഷം കോടി രൂപ ) ആസ്‌തിയുള്ള ക്രിപ്‌റ്റോ സാമ്രാജ്യമാണ് കൂപ്പുകുത്തിയത്. ആസ്‌തി 94 ശതമാനം ഇടിഞ്ഞ് 8000 കോടിയിലെത്തി. ക്രിപ്‌റ്റോ ലോകം കണ്ട ഏറ്റവും വലിയ ബാധ്യതയാണിത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ‘ദുരന്തം’ ഏറ്റുവാങ്ങിയ സാം ബാങ്ക്മാന്‍- സിഇഒ പദവി രാജിവച്ച്, പാപ്പർ ഹർജി ഫയല്‍ചെയ്തു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിങ്കൾ രാത്രി നിക്ഷേപ –- മൂലധന ഭീമൻമാരോട് എഫ്‌ടിഎക്‌സ് സഹായം അഭ്യർഥിച്ചിരുന്നു. എതിരാളികളായ ബിനാന്‍സ് എഫ്ടിഎക്‌സിനെ ഏറ്റെടുക്കുന്നെന്ന് പ്രഖ്യാപിച്ചശേഷം പിൻമാറി. ഈ ഘട്ടത്തിലാണ് സാമിന്റെ ആസ്‌തിയിൽ വൻ ഇടിവുണ്ടായത്. നിക്ഷേപത്തിൽ ക്രമക്കേടുകളുണ്ടെന്ന ആരോപണത്തിൽ യുഎസ് ഏജൻസികൾ എഫ്ടിഎക്‌സിനെതിരെ അന്വേഷണം തുടങ്ങിയതായും റിപ്പോർട്ടുണ്ട്.
ഈ വർഷം 600 ബില്യൺ ഡോളറിന്റെ ക്രിപ്‌റ്റോ തകർച്ചയുടെ പശ്ചാത്തലത്തിലാണ് ബാങ്ക്മാൻ-ഫ്രൈഡിന്റെ നഷ്ടം. ഈ തകർച്ചയുടെ ഫലമായി ഈ വർഷം എഫ്‌ടിഎക്‌സ് ഏറ്റെടുക്കുന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബിനാൻസ് സ്ഥാപകനായ ചാങ്‌പെങ് ഷാവോയ്ക്ക് തന്റെ സമ്പത്തിന്റെ 79.4 ബില്യൺ ഡോളർ നഷ്‌ടപ്പെട്ടിട്ടുണ്ട്.
സാം ബാങ്ക്മാൻ-ഫ്രൈഡ്, ഒരുകാലത്ത് ലോകത്തിലെ മൂന്നാമത്തെ വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായിരുന്ന എഫ്ടിഎക്സിന്റെ സ്ഥാപകനാണ്. കഴിഞ്ഞ ആഴ്‌ച, ക്രിപ്‌റ്റോ ലോകത്തിലെ ഏറ്റവും പ്രധാനിയായ ആളുകളിൽ ഒരാളായിരുന്നു ഈ മുപ്പതുകാരൻ. 2014-ൽ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഭൗതികശാസ്ത്ര ബിരുദം പൂർത്തിയാക്കിയ ബാങ്ക്മാൻ-ഫ്രൈഡ് പിന്നീട് ക്വാണ്ടിറ്റേറ്റീവ് ട്രേഡിംഗ് സ്ഥാപനമായ ജെയ്ൻ സ്ട്രീറ്റ് കാപ്പിറ്റലിൽ വ്യാപാരിയായി മൂന്ന് വർഷം പ്രവർത്തിച്ചു.