യു എസ്സിൽ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധന

അമേരിക്കയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധന. മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇത്രയധികം കുട്ടികളെ കോവിഡ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതെന്ന് യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

17 വയസോ അതില്‍ താഴെയോ പ്രായമുള്ള ശരാശരി 893 കുട്ടികളെ കോവിഡ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതായാണ് കണക്ക്. 2020 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് ഇത്രയധികം കുട്ടികള്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റെന്തെങ്കിലും രോഗവുമായി എത്തുന്ന കുട്ടികളില്‍ പരിശോധന നടത്തുന്നതിലൂടെയാണ് രോഗബാധ സ്ഥിരീകരിതക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ഓഗസ്റ്റ് 1 നും 2022 ജനുവരി 13നും ഇടയിലായി 17 വയസും അതില്‍ താഴെയുമുള്ള 90,000 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതെ സമയം കോവിഡ് -19 ബാധിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വരും ആഴ്ചകളിൽ വർധന തുടരുമെന്നാണ് സി ഡി സി അധികൃതർ പ്രതീക്ഷിക്കുന്നത്. 5 വയസ്സും അതിൽ കൂടുതലുമുള്ള എല്ലാവരോടും കോവിഡ്-19-നെ പ്രതിരോധിക്കാൻ സഹായിക്കുന്നതിന് കോവിഡ്-19 വാക്സിൻ എടുക്കാൻ സി ഡി സി അഭ്യർത്ഥിച്ചു.