US
  • inner_social
  • inner_social
  • inner_social

‘ടൂ ഹോട്ട്, അടിവസ്ത്രം കാണുന്നു’; പാം സ്പ്രിങ്സിലെ മെർലിൻ മൺറോയുടെ വിഖ്യാത പ്രതിമ മാറ്റാൻ തീരുമാനം

അമേരിക്കൻ നടിയും ഗായികയും മോഡലും പോപ്പ് ഐക്കണും ആയിരുന്ന മരിലിൻ മൺറോയുടെ വിഖ്യാത പ്രതിമ മാറ്റാൻ തീരുമാനിച്ച് അധികൃതർ. ഡൗൺ ടൗൺ പാർക്കിലെ പാം സ്പ്രിങ് ആർട് മ്യൂസിയത്തിന് സമീപത്തായി വച്ചിരിക്കുന്ന പ്രതിമയാണ് മാറ്റുന്നത്. പ്രതിമ സദാചാരത്തിന് വിരുദ്ധമാണെന്നും സ്കൂൾ കുട്ടികളടക്കം വരുന്ന പാർക്കിൽ ഈ പ്രതിമ വയ്ക്കുന്നത് മറ്റ് പ്രശ്നങ്ങൾക്ക് കാരണമാകുമെന്നുമുള്ള പ്രദേശവാസികളുടെയും ജനങ്ങളുടെയും പരാതിയെത്തുടർന്നാണ് പ്രതിമ മാറ്റാൻ തീരുമാനിച്ചത്. ഹോളിവുഡ് താരത്തിന്റെ അടിഭാഗവും അടിവസ്ത്രങ്ങളും തുറന്നുകാട്ടുന്നതാണ് എന്നാണ് പ്രധാന ആരോപണം. പാർക്കിൽ തന്നെ മറ്റൊരിടത്തേക്ക് പ്രതിമ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.

2019 -ൽ പാം സ്പ്രിംഗ്സ് മേയർ ആ പ്രതിമ മടങ്ങിവരുമെന്നും സ്ഥിരമായി അത് അവിടെ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചതോടെയാണ് പ്രദേശവാസികളുടെയും കലാരംഗത്തുള്ളവരുടെയും എതിര്‍പ്പുണ്ടാകുന്നത്. ഈ ശില്പം സ്ഥാപിക്കുന്നതിന് അനുകൂലമായി സിറ്റി കൗൺസിൽ ഐക്യകണ്ഠേന വോട്ടുചെയ്തപ്പോൾ, ആർട്ട് മ്യൂസിയത്തിന്റെ അവസാന നാല് ഡയറക്ടർമാർ പ്രതിമ സ്ഥാപിക്കുന്നതിനെ പരസ്യമായി എതിർത്തു. പരസ്യമായ ലൈംഗികത പ്രദര്‍ശിപ്പിക്കുന്നു എന്ന് ആരോപിച്ചായിരുന്നു എതിര്‍പ്പ്. മരിച്ചു കഴിഞ്ഞിട്ടും മരിലിൻ മൺറോയെ ചൂഷണം ചെയ്യുകയാണ് എന്നാണ് പ്രതിമയ്ക്കെതിരെയുള്ള പ്രധാന ആരോപണം.

മണ്‍റോയുടെ യഥാർത്ഥ പേര് നോർമ ജീൻ ബേക്കർ എന്നാണ്. പതിനൊന്നാമത്തെ വയസ്സിൽ ബലാത്സംഗം നേരിടേണ്ടി വന്ന അവൾ ജീവിതത്തിലുടനീളം ലൈംഗിക പീഡനത്തെ അതിജീവിക്കേണ്ടി വന്നു. മുപ്പത്തിയാറാമത്തെ വയസ്സിലാണ് മെർലിൻ മൺറോയുടെ അപ്രതീക്ഷിത മരണം സംഭവിക്കുന്നത്. മുപ്പതോളം ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മൺറോ ഹോളിവുഡിനെ ലഹരി പിടിപ്പിച്ച താരമാണ്. മാത്രമല്ല, മർലിൻ മൺറോയുടെ മരണം ഇന്നും ദുരൂഹമായി തുടരുകയാണ്.