യു എസ്സിൽ അതിശൈത്യത്തിൽ മരിച്ചവരുടെ എണ്ണം അറുപത് കടന്നു. മഞ്ഞുവീഴ്ചയെ തുടർന്ന് കൂടുതൽ ആളപായമുണ്ടായ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുകയാണ്. മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അതിശൈത്യത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ന്യൂയോർക്ക് ഗവർണറുടെ അഭ്യർത്ഥന പരിഗണിച്ചാണ് പ്രസിഡന്റ് ജോ ബൈഡന്റെ നടപടി.
ഇതോടെ, ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം നേരിടാൻ ന്യൂയോർക്കിന് ഫെഡറൽ സഹായം ലഭിക്കും. കനത്ത മഞ്ഞുവീഴ്ച തുടരുന്ന ന്യൂയോര്‍ക്കിനും ബഫല്ലോ നഗരത്തിനും ആശ്വാസകരമാകും ഈ നടപടിയെന്നാണ് വിലയിരുത്തുന്നത്. ഇതുവരെ 27 മരണമാണ് ന്യൂയോർക്കിൽ സ്ഥിരീകരിച്ചത്. ഇതിനു മുന്പ് കൊടിയ മഞ്ഞു വീഴ്ച രേഖപ്പെടുത്തിയ 77ൽ ന്യൂയോർക്കിൽ 25 പേരായിരുന്നു മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാം എന്ന് ആശങ്കയുണ്ട്. പലയിടങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് ഇനിയും എത്തിച്ചേരാൻ ആയിട്ടില്ല. മഞ്ഞുമൂടി കിടക്കുന്ന വാഹനങ്ങൾക്ക് അകത്ത് നിന്നാണ് പല മൃതദേഹവും ലഭിച്ചിട്ടുള്ളത്.
മഞ്ഞുമൂടിക്കിടക്കുന്ന വാഹനങ്ങളുടെ അകത്തുനിന്നാണ് പല മൃതദേഹങ്ങളും ലഭിച്ചത്. ആയിരക്കണക്കിന് വാഹനങ്ങൾ റോഡുകളിൽ കുടുങ്ങി. ശീതക്കാറ്റ്‌മൂലം ക്രിസ്‌മസ് അവധിക്കാലത്ത് പലർക്കും വീടുകളിൽ എത്താനായില്ല. വൈദ്യുതിവിതരണം താളം തെറ്റിയതോടെ വീടുകൾക്കകത്ത് താപനില കുറയുന്നതും ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. അതെ സമയം അരിസോണയിൽ തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളികൾക്കിടയിൽ വീണ് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ പൗരന്മാർ മരിച്ചു. തിങ്കൾ വൈകിട്ട് അരിസോണയിലെ കൊക്കോണിനോ കൗണ്ടിയിലെ വുഡ്‌സ് കാന്യോൺ തടാകത്തിലാണ് സംഭവം. ആന്ധ്ര സ്വദേശികളായ നാരായണ മുദ്ദന (49), ഭാര്യ ഹരിത മുദ്ദന, കുടുംബസുഹൃത്ത് ഗോകുൽ മെഡിസെറ്റി (47) എന്നിവരാണ് മരിച്ചത്.