കാലാവസ്ഥാ വ്യതിയാനത്തെ പ്രതിയോർധിക്കാനായി യുഎസ് അടക്കമുള്ള രാജ്യങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ. യു എസ്സിന് പുറമെ ഓസ്‌ട്രേലിയ, കാനഡ, സൗദി, തുർക്കിയ തുടങ്ങിയ ജി20 രാജ്യങ്ങളും ശക്തമനായ നടപടികൾ സ്വീകരിക്കണമെന്ന് ഉച്ചകോടിയിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ ആവശ്യപ്പെട്ടു. പാരിസ് ഉടമ്പടി പ്രകാരമുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ രാജ്യങ്ങൾക്ക് മുന്നേറ്റമുണ്ടാക്കാനായിട്ടില്ലെന്നും അസർബൈജാനിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ (സിഒപി–-29) വിമർശം ഉയർന്നു. കാലാവസ്ഥ പ്രവർത്തനങ്ങൾ വിലയിരുത്തിയുള്ള ക്ലൈമറ്റ് അക്കൗണ്ടബിലിറ്റി മെട്രിക്‌സ് റിപ്പോർട്ടനുസരിച്ച് ഇന്ത്യയും ദക്ഷിണാഫ്രിക്കയും അടക്കമുള്ള രാജ്യങ്ങളാണ് കാര്യക്ഷമമായി നടപടികളെടുക്കുന്നത്.
കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന വെള്ളപ്പൊക്കം, കാട്ടുതീ, ചുഴലിക്കാറ്റുകള്‍, കൊടുങ്കാറ്റ്, മണ്ണിടിച്ചിലുകള്‍ എന്നിവ കാരണം 2023ല്‍ ആഗോളതലത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 12,000 പേര്‍ക്ക് ആണ്. 2022-നേക്കാള്‍ 30 ശതമാനം കൂടുതലാണിതെന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് പറയുന്നു. കൊല്ലപ്പെട്ടവരില്‍ പകുതിയും ലോകത്ത് 0.1 ശതമാനത്തില്‍ കുറവ് കാര്‍ബന്‍ പുറന്തള്ളുന്ന രാജ്യങ്ങളിലുള്ള 5,326 പേരാണെന്നത് ഞെട്ടിപ്പിക്കുന്നതാണ്.
യുഎൻ കാലാവസ്ഥാ വ്യതിയാന വിഭാഗത്തിന്റെ തലവൻ സൈമൺ സ്റ്റിയെൽ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായേക്കാവുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. പുനരുപയോഗിക്കാനാകുന്ന ഊർജസ്രോതസുകളെ ഉപയോഗപ്പെടുത്തുന്ന ഊർജനയം സ്വീകരിക്കാൻ രാജ്യങ്ങൾ തയാറാകണമെന്നും സ്റ്റിയെൽ അറിയിച്ചു.