ക്യാപിറ്റോൾ കലാപത്തിന്റെ പേരിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താന്‍ നിര്‍ദേശിച്ച് അമേരിക്കൻ കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതി. ഔദ്യോഗിക കൃത്യനിർവഹണം തടയൽ, രാഷ്‌ട്രത്തെ വഞ്ചിക്കൽ, കലാപശ്രമം എന്നീ കുറ്റങ്ങൾ ചുമത്താനാണ് നിര്‍ദേശം. സമിതിയുടെ അന്തിമറിപ്പോർട്ട് തയ്യാറാക്കാനുള്ള യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. ബുധനാഴ്‌ചയോടെ അന്തിമറിപ്പോർട്ട് സമർപ്പിച്ചേക്കും.
“യുഎസ് ഭരണഘടനയ്ക്ക് കീഴിലുള്ള സമാധാനപരമായ അധികാര പരിവർത്തനത്തെ തടസ്സപ്പെടുത്താൻ പ്രസിഡന്റ് ട്രംപ് ഉദ്ദേശിച്ചിരുന്നു എന്നതിന് കമ്മിറ്റി സുപ്രധാന തെളിവുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്,” പാനലിന്റെ കണ്ടെത്തലുകൾ വിശദീകരിക്കുന്നതിനിടയിൽ പ്രതിനിധി ജാമി റാസ്കിൻ പറഞ്ഞു.“സമിതി അംഗങ്ങള്‍ വിവരിച്ചതും ഞങ്ങളുടെ ഹിയറിംഗുകളിലുടനീളം ശേഖരിച്ചതുമായ തെളിവുകൾ മുൻ പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപിന്റെ ക്രിമിനൽ റഫറൽ ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” റാസ്കിൻ കൂട്ടിച്ചേര്‍ത്തു.
ജോ ബൈഡൻ അധികാരമേൽക്കുന്നത് തടയാൻ 2021 ജനുവരി ആറിനാണ് കലാപകാരികൾ ക്യാപിറ്റോൾ ബിൽഡിങ്ങിലേക്ക് ഇരച്ചുകയറിയത്. കലാപത്തിനു പിന്നിൽ ട്രംപിന്റെ അറിവും പിന്തുണയും പ്രേരണയും ഉണ്ടായിരുന്നെന്നും തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ട്രംപ് അധികാരം കൈമാറാൻ വിസമ്മതിച്ചതായും അന്വേഷണസമിതി വിലയിരുത്തി. എന്നാൽ, സമിതിയുടെ കണ്ടെത്തലുകൾ രാഷ്‌ട്രീയപ്രേരിതവും പക്ഷപാതപരവുമാണെന്നും തന്നെയും റിപ്പബ്ലിക്കൻ പാർടിയെയും ഒറ്റപ്പെടുത്താനാണ് ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.