ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിൽ അമേരിക്കയ്‌ക്ക് പങ്കില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഒരു ആക്രമണ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിട്ടില്ലെന്നും മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും ജി 7 സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബ്ലിങ്കൻ പറഞ്ഞു. ഇറാന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിന് മറുപടിയായി ഇസ്രായേല്‍ കഴിഞ്ഞ ദിവസം ഇറാനെ ആക്രമിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബ്ലിങ്കന്റെ പ്രതികരണം.
പലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ലെന്നും ബ്ലിങ്കന്‍ പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കിയും ഇസ്രയേലിനെ എല്ലാ രാജ്യങ്ങളും ഗീകരിച്ചും വേണം ഈ പ്രക്രിയ നടക്കാനെന്നും ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാടാണ് മേഖലക്ക് ഭീഷണിയെന്നും ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ ഏക തടസം ഹമാസാണെന്നും ബ്ലിങ്കൻ പറഞ്ഞു.
അതേസമയം, ഇസ്രയേൽ ആക്രമണമുണ്ടായെന്ന വാർത്തകൾക്കിടെ വ്യോമഗതാഗതം നിർത്തിവെച്ച് ഇറാൻ. ടെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് വ്യോമഗതാഗതം നിർത്തിവെച്ചു. ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇറാൻ്റെ പ്രതിരോധ നടപടികൾ.
സിറിയയിലെ ഇറാൻ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി ഇറാൻ ഇസ്രായേലിൽ ഡ്രോൺ ആക്രമണം നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇസ്രായേൽ മിസൈലുകൾ ഇറാനിൽ പതിച്ചതെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രബിന്ദുവായ നതാൻസ് ഉൾപ്പെടെ നിരവധി ഇറാനിയൻ ആണവ സൈറ്റുകൾ ഇസ്ഫഹാൻ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്.