യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തിന് ശേഷം, ഡെമോക്രാറ്റുകള്‍ ബൈഡന്റെ പ്രകടനത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ബൈഡന്റെ പ്രായത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുകയും അദ്ദേഹത്തിന് മറവി രോഗമുണ്ടെന്ന സംശയം ബലപ്പെടുത്തുകയും ചെയ്യുന്ന തരത്തിലേക്ക് സംവാദം നീട്ടാൻ എതിരാളി ട്രംപിന് സാധിച്ചു എന്നാണു വിലയിരുത്തൽ.
പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡോണള്‍ഡ് ട്രംപിനു മുന്‍തൂക്കം എന്ന് തന്നെ ആണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോട്ട് ചെയ്യുന്നത്.
കുടിയേറ്റം, അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റം, സമ്പദ്‌വ്യവസ്ഥ, യുക്രെയ്ന്‍ ഇസ്രയേല്‍ യുദ്ധങ്ങള്‍, പ്രായാധിക്യം, കാലാവസ്ഥാ പ്രശ്‌നങ്ങള്‍, എന്നിവ നിറഞ്ഞുനിന്ന സംവാദം ഒരു മണിക്കൂര്‍ 40 മിനിറ്റ് നീണ്ടു. യുഎസ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തില്‍ തുടങ്ങിയ സംവാദത്തില്‍ പ്രസിഡന്റ് ജോ ബൈഡനാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്. സിഎൻഎൻ ആതിഥേയത്വം വഹിച്ച സംവാദം അറ്റ്ലാന്റയിലാണ് നടന്നത്. യുഎസ് തിരഞ്ഞെടുപ്പുകളുടെ വളരെ സുപ്രധാനമായ ഭാഗമാണ് പ്രസിഡൻഷ്യൽ സംവാദം.
സമ്പദ്‌വ്യവസ്ഥ തകര്‍ത്താണ് ഡോണാള്‍ഡ് ട്രംപ് ഭരണത്തില്‍നിന്ന് ഇറങ്ങിയതെന്നും തങ്ങള്‍ അധികാരത്തിലേറിയതിനു ശേഷമാണ് ഇത് ശരിയാക്കിയെടുത്തതെന്നും ബൈഡന്‍ അവകാശപ്പെട്ടു. തന്റെ കാലത്ത് യുഎസിന്റേത് മഹത്തായ സമ്പദ്‌വ്യവസ്ഥയായിരുന്നു എന്ന് ട്രംപ് മറുപടി നല്‍കി. ഗാസയിലെ ഇസ്രയേൽ അധിനിവേശം, റഷ്യ- യുക്രെയ്ൻ സംഘർഷം, ചൈന, വിദേശനയം, ട്രംപിനുമേലുള്ള ക്രിമിനൽ കേസുകൾ, സമ്പദ്‌വ്യവസ്ഥ, ജാധിപത്യം, പ്രായം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ഇത്തവണ ചർച്ച വിഷയമായി. ഇരുവരുടെയും വ്യക്തിപരമായ കാര്യങ്ങളിലേക്കും സംവാദം നീണ്ടിരുന്നു. ചരിത്രത്തിലാദ്യമായി നിലവിലെ പ്രസിഡന്റും മുൻ പ്രസിഡന്റും തമ്മിൽ പ്രസിഡൻഷ്യൽ സംവാദം നടക്കുന്നത്.