ലബനൻ–- ഇസ്രയേൽ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുന്നത് ലോകത്തിന് ഗുണകരമാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൊവ്വാഴ്ച ന്യൂയോർക്കിൽ യു എൻ പൊതുസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിതിഗതികൾ രൂക്ഷമായാലും നയതന്ത്ര പരിഹാരം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാനും ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാനുമുള്ള തീരുമാനത്തിൽ എത്രയും വേഗം എത്തണമെന്ന് ഇസ്രയേലിനോടും ഹമാസിനോടും ബൈഡൻ ആവശ്യപ്പെട്ടു. ഇസ്രയേലിന് യുദ്ധം ചെയ്യാനുള്ള അവകാശമുണ്ട്. എന്നാൽ, ഗാസയിലെ ജനങ്ങൾ നരകതുല്യ ജീവിതമാണ് നയിക്കുന്നത് എന്ന് ബൈഡൻ ഓർമിപ്പിച്ചു.
ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ മിസൈൽ വിഭാഗം തലവൻ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടു. വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നൽകിയിരുന്നത് ഖുബൈസിയാണെന്നാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് പറഞ്ഞു. ഖുബൈസിയുടെ മരണം ഹിസ്ബുള്ളയും സ്ഥിരീകരിച്ചു. ഇസ്രയേല്‍ ലബനനില്‍ നടത്തിയ അതിരൂക്ഷമായ വ്യോമാക്രമണത്തില്‍ മരണം 600 അടുത്തു. 1835 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 50 കുട്ടികളും നിരവധി സ്ത്രീകളുമുണ്ടെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.