കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും കോര്‍പ്പറേറ്റ് ടാക്‌സ് ഉയര്‍ത്താനും ആരോഗ്യ പാക്കേജ് കൂടുതല്‍ ആളുകള്‍ക്ക് ലഭ്യമാക്കാനുമുദ്ദേശിക്കുന്ന പണപ്പെരുപ്പ നിയന്ത്രണ നിയമത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിട്ടു. ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് ഏതാനും മാസം മാത്രം അവശേഷിക്കെ ഡെമോക്രാറ്റുകളുടെ വലിയ വിജയമാണ് ബില്ലെന്ന് വിലയിരുത്തപ്പെടുന്നു. സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകളുടെ മാത്രം പിന്തുണയില്‍ കഴിഞ്ഞയാഴ്ച പാസായ നിയമമാണിത്. റിപ്പബ്‌ളിക്കന്‍ അംഗങ്ങള്‍ ഒന്നടങ്കം ബില്ലിനെതിരായാണ് വോട്ട് ചെയ്തത്. ‘ഈ നിയമത്തോടെ അമേരിക്കന്‍ ജനത ജയിച്ചിരിക്കുന്നു, പ്രത്യേക താല്‍പ്പര്യക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു,’ ബില്‍ ഒപ്പിട്ട ശേഷം ബൈഡന്‍ പ്രതികരിച്ചു. ‘ഞങ്ങള്‍ കീറിയെറിയുകയല്ല നിര്‍മിക്കുകയാണ് ചെയ്യുന്നത്. ഞങ്ങള്‍ പിന്നോട്ടല്ല നോക്കുന്നത്, മുന്നോട്ടാണ്. അമേരിക്കയുടെ ആത്മാവ് ഊര്‍ജസ്വലമാണെന്ന് ഇന്നത്തെ ദിവസം തെളിയിക്കുന്നു,’ ജോ ബൈഡന്‍ പറഞ്ഞു.
പത്തുവർഷത്തിനുള്ളിൽ കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പദ്ധതികൾക്കായി 37,500 കോടി ഡോളർ (ഏകദേശം 29.78 ലക്ഷം കോടി രൂപ) നീക്കിവയ്ക്കും. മെഡികെയർ അംഗങ്ങൾ പ്രിസ്‌ക്രിപ്‌ഷൻ മരുന്നുകൾക്കായി ചെലവഴിക്കുന്ന തുക 2000 ഡോളറായി നിജപ്പെടുത്തും. 130 ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. പ്രതിനിധിസഭയിൽ 207ന് എതിരെ 220 വോട്ടിനാണ് ബിൽ പാസായത്. ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കന്മാർക്കും തുല്യബലമുള്ള സെനറ്റിൽ ഇത് പാസാക്കാൻ അധ്യക്ഷയായ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ കാസ്‌റ്റിങ് വോട്ട് വേണ്ടിവന്നു. സെനറ്റിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ വൻപ്രതിസന്ധിയിലേക്കാകും ബൈഡൻ സർക്കാർ നീങ്ങുക.