• inner_social
  • inner_social
  • inner_social

തോക്ക് വിചാരണയിൽ ശിക്ഷിക്കപ്പെട്ടാൽ മകന് മാപ്പ് നൽകില്ലെന്ന് ജോ ബൈഡൻ

ലഹരിക്ക്‌ അടിമയെന്ന്‌ മറച്ചുവച്ച്‌ തോക്ക്‌ വാങ്ങിയതായ കേസിൽ കുറ്റം തെളിഞ്ഞാൽ മകൻ ഹണ്ടറിന്‌ മാപ്പ്‌ നൽകില്ലെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ. കേസിന്റെ വിധി എന്ത് തന്നെ ആയാലും അംഗീകരിക്കുമെന്നും ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞു. ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡന് എതിരായ ക്രിമിനൽ കേസിൽ ഡെലവെയറിലെ ഫെഡറൽ കോടതിയിൽ വിചാരണ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. 2018 ൽ നിയമ വിരുദ്ധമായി റിവോൾവർ കൈവശം വാങ്ങി വച്ചതും ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വിചാരണ.

ഹണ്ടർ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ, അദ്ദേഹം ലഹരിയിൽ നിന്ന് വിമുക്തി നേടാൻ സമയം അനുവദിക്കണമെന്ന് പ്രതിഭാഗവും വാദിച്ചു. വിൽമിംഗ്ടണിലെ ഫെഡറൽ കോടതിയിൽ ഹണ്ടർ ബൈഡന് ഹാജരാകേണ്ടി വന്നത് പ്രശസ്തനായ പിതാവ് കാരണമല്ലെന്നും മറിച്ച് സ്വന്തം പ്രവർത്തികളുടെ ഫലമായിട്ടാണെന്നും പ്രോസിക്യൂട്ടർമാർ വാദിച്ചു. മൂന്ന് കുറ്റങ്ങളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 25 വര്‍ഷം വരെ തടവും 750,000 ഡോളര്‍ പിഴയും ലഭിക്കും.

അതെ സമയം നവംബറിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ, ഹണ്ടറിന്‌ എതിരെയുള്ള കേസുകൾ ബൈഡനെതിരായ ആയുധമാക്കുകയാണ്‌ റിപ്പബ്ലിക്കൻ പാർടിയും ഡോണൾഡ്‌ ട്രംപും. ഈ സാഹചര്യത്തിൽക്കൂടിയാണ്‌ ബൈഡന്റെ വിശദീകരണം.