US
  • inner_social
  • inner_social
  • inner_social

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമർശകൻ സാദ് അല്‍-ജബ്രിക്കെതിരായ കേസ് അമേരിക്കയിലെ കോടതി തള്ളിക്കളഞ്ഞു

സൗദി അറേബ്യയുടെ മുന്‍ ഇന്റലിജന്‍സ് ഓഫീസറും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകനുമായ സാദ് അല്‍-ജബ്രിക്കെതിരായ കേസ് അമേരിക്കയിലെ കോടതി തള്ളിക്കളഞ്ഞു. സൗദിയുടെ സ്‌റ്റേറ്റ് ഉടമസ്ഥതയിലുള്ള ‘സകബ് സൗദി ഹോള്‍ഡിങ്’ നല്‍കിയ കേസ് ആണ് വ്യാഴാഴ്ച കോടതി തള്ളിയത്. സൗദി സര്‍ക്കാരിന്റെ വിവിധ ഫണ്ടുകളില്‍ തട്ടിപ്പ് നടത്തി എന്ന് ആരോപിച്ചായിരുന്നു കേസ് നല്‍കിയത്.

കേസിന്റെ തെളിവുകള്‍ക്ക് വേണ്ട ക്ലാസിഫൈഡ് രേഖകള്‍ ഹാജരാക്കിയാല്‍ അത് അമേരിക്കയുടെ ദേശീയ സുരക്ഷയെ ബാധിക്കും എന്ന് യു.എസ് സര്‍ക്കാര്‍ പ്രതിനിധികള്‍ വാദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് തള്ളിക്കളഞ്ഞത്.

യു.എസ് സര്‍ക്കാര്‍ തന്നെ ഇത്തരത്തില്‍ ഒരു കേസില്‍ ഇടപെടല്‍ നടത്തുന്നത് അപൂര്‍വമാണ്. കേസ് തള്ളിപ്പോയത് മുഹമ്മദ് ബിന്‍ സല്‍മാനെതിരായ വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

സൗദി മുന്‍ കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നയഫിന്റെ ഏറ്റവും അടുത്ത ആളായിരുന്നു സാദ് അല്‍ജബ്രി. 2017ല്‍ നയഫിനെ പുറത്താക്കി എം.ബി.എസ് കിരീടാവകാശിയായതോടെ അല്‍-ജബ്രി കാനഡയിലേക്ക് കുടിയേറുകയായിരുന്നു.

2001-നും 2015-നും ഇടയില്‍ അല്‍-ജബ്രി സൗദി ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നപ്പോള്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 11 ബില്യണ്‍ ഡോളര്‍ മോഷ്ടിച്ചിരുന്നു എന്നാണ് ബിന്‍ സല്‍മാന്‍ പറയുന്നത്. മോഷണത്തില്‍ അല്‍ ജബ്രിയുടെ കുടുംബത്തിനും പങ്കുണ്ടെന്ന് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പറയുന്നു.

സൗദി മുന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫുമായി അടുപ്പമുള്ള അല്‍-ജബ്രി ബിന്‍ സല്‍മാനെ കിരീടാവകാശിയായി അവരോധിച്ച 2017-ല്‍ നാടുവിടുകയാണുണ്ടായത്.