US
  • inner_social
  • inner_social
  • inner_social

പോപ് ഗായകൻ ആരോൺ കാർട്ടറിന്റെ മരണകാരണം അമിതമായ മയക്കുമരുന്ന് ഉപയോഗം

അമേരിക്കന്‍ പോപ് ഗായകൻ ആരോണ്‍ കാര്‍ട്ടറിന്റെ മരണത്തിന് കാരണം മയക്കു മരുന്ന് ഉപയോഗം എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.’സനാക്‌സ്’ എന്ന പേരില്‍ വില്‍ക്കപ്പെടുന്ന അല്‍പ്രസോലം എന്ന മയക്കുമരുന്ന് കാര്‍ട്ടറിന്റെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു. അതോടൊപ്പം ഡൈസ്ഫ്‌ളൂറോ ഇഥേനും കണ്ടെത്തി. ഇവ രണ്ടുമാണ് മരണകാരണം. സാധാരണയായി അന്തരീക്ഷ വായു ശുദ്ധീകരണികളിൽ ഉപയോഗിക്കുന്ന വാതകമാണ് ഡൈസ്ഫ്‌ളൂറോ ഇഥേൻ. ഇത് ശ്വസിച്ചാൽ അമിത ഉല്ലാസം അനുഭവപ്പെടും. ലോസ് ഏഞ്ചൽസ് മെഡിക്കൽ കൗൺസിൽ ആണ് ഇത് സംബന്ധിച്ച റിപ്പോട്ട് പുറത്ത് വിട്ടിരിക്കുന്നത്.

പ്രശസ്ത ബാന്‍ഡായ ബാക്ക്‌സ്ട്രീറ്റ് ബോയ്‌സിലെ നിക്ക് കാര്‍ട്ടറിന്റെ ഇളയ സഹോദരനാണ് ആരോണ്‍. 2022 nനവംബർ അഞ്ചിനാണ് കാലഫോര്‍ണിയയിലെ ലന്‍കാസ്റ്ററിലെ വീട്ടില്‍ ബാത്ടബ്ബിൽ ആരോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപകട മരണം ആണെന്ന് ആയിരുന്നു പ്രാഥമിക നിഗമനം എങ്കിലും മയക്കു മരുന്നിന്റെ അമിതമായ ഉപയോഗം മൂലം ബോധം നഷ്ട്ടപ്പെട്ടു വെള്ളത്തിൽ മുങ്ങി പോയതായിരിക്കും എന്നാണു റിപ്പോട്ടുകൾ പറയുന്നത്.

ബാക്ക്‌സ്ട്രീറ്റ് ബോയ്‌സിലൂടെയാണ് ആരോണ്‍ സംഗീത ജീവിതം ആരംഭിച്ചത്. പിന്നീട് സ്വന്തമായി പരിപാടികള്‍ അവതരിപ്പിച്ച് തുടങ്ങി. 90കളുടെ അവസാനത്തില്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ നാല് ആല്‍ബങ്ങളുടെ ദശലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റുപോയത്. ഇതില്‍ ആദ്യത്തേത് 1997 ല്‍ അദ്ദേഹത്തിന് ഒമ്പത് വയസുള്ളപ്പോഴായിരുന്നു. നിരവധി റിയാലിറ്റി ഷോകളിലും ഓഫ്‌ബ്രോഡ്‌വേ പ്രൊഡക്ഷനുകളിലും പ്രത്യക്ഷപ്പെടുകയും പുതിയ സംഗീത ആല്‍ബങ്ങള്‍ ഓണ്‍ലൈനില്‍ പുറത്തിറക്കുകയും ചെയ്തു. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴായിരുന്നു അപ്രതീക്ഷിത മരണം.