US
  • inner_social
  • inner_social
  • inner_social

ടെക്‌സാസിലെ ഡയറി ഫാമിലുണ്ടായ ശക്തമായ തീ പിടിത്തത്തില്‍ 18,000 പശുക്കള്‍ വെന്തുമരിച്ചു

പടിഞ്ഞാറൻ ടെക്സാസിലെ ഡയറി ഫാമിലുണ്ടായ ശക്തമായ തീ പിടിത്തത്തില്‍ 18,000 പശുക്കള്‍ വെന്തുമരിച്ചു. തീപിടിത്തത്തില്‍ പരിക്കേറ്റ ഒരു തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റ് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.യുഎസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡയറിഫാം തീ പിടിത്തമാണ് ഇത്തവണത്തെതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫാമിലെ ഒരു ഉപകരണത്തിന്റെ തകരാറാണ് തീ പിടിത്തത്തിനു കാരണമായതെന്ന് എക്സിക്യൂട്ടീവ് കൗണ്ടി ജഡ്ജി മാൻഡി ഗ്ഫെല്ലർ പറഞ്ഞു. ടെക്സാസ് അഗ്നിശമന ഉദ്യോഗസ്ഥർ ഇപ്പോഴും കൃത്യമായ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

വാഷിംഗ്ടൺ ആസ്ഥാനമായുള്ള മൃഗസംരക്ഷണ സംഘടനയായ അനിമൽ വെൽഫെയർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഫാമില്‍ 2013- മുതല്‍ ഡയറി ഫാം തീപിടിത്തങ്ങളെ കുറിച്ച് പഠിക്കുന്നു. 2020 ല്‍ യോര്‍ക്ക് ഡയറി ഫാമിലുണ്ടായ തീപിടിത്തമായിരുന്നു രാജ്യത്തെ ഏറ്റവും കൂടുതല്‍ കന്നുകാലികള്‍ കൊല്ലപ്പെട്ട തീപിടിത്തം. അന്ന് 400 ഒളം പശുക്കളാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഈ സ്ഥാപനത്തിൽ മുമ്പ് തീപിടുത്തങ്ങളൊന്നും റിപ്പോർട്ട് ചെയ്തതായി തനിക്ക് അറിയില്ലെന്ന് മേയർ മലോൺ പറഞ്ഞു. മൂന്ന് വർഷം മുമ്പ് മാത്രമാണ് പ്രദേശത്ത് ക്ഷീരസംഘം ആരംഭിച്ചതെന്നും 50 മുതൽ 60 വരെ ആളുകൾക്ക് ജോലി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം ജീവഹാനി സംഭവിച്ച പശുക്കളിൽ ഭൂരിഭാഗവും – ഹോൾസ്റ്റീൻ, ജേഴ്സി പശുക്കൾ ഇവയുടെ തന്നെ സങ്കരയിനങ്ങളുമാണ്. ഓരോ പശുവിന്റെയും മൂല്യം ഏകദേശം 2,000 ഡോളറായതിനാൽ, കമ്പനിയുടെ നഷ്ടം ദശലക്ഷക്കണക്കിന് ഡോളറിലേക്ക് വ്യാപിക്കുമെന്ന് ഗ്ഫെല്ലർ പറഞ്ഞു.

പാൽ ഉൽപ്പാദനത്തിൽ ദേശീയതലത്തിൽ നാലാം സ്ഥാനത്താണ് ടെക്സാസിന്‍റെ സ്ഥാനം.  319 ഗ്രേഡ് എ ഡയറികളില്‍ഏകദേശം 625,000 പശുക്കൾ പാലുത്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.  പ്രതിവർഷം 16.5 ബില്യൺ പൗണ്ട് പാലാണ് ടെക്സാസില്‍ മാത്രം ഉത്പാദിപ്പിക്കുന്നത്.  യു.എസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്‍റിന്‍റെ കണക്കനുസരിച്ച്, 15 ഡയറികൾ പ്രതിമാസം 1,48,000 പൗണ്ട് പാൽ ഉത്പാദിപ്പിക്കുന്ന ടെക്‌സാസിലെ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ കൗണ്ടിയാണ് കാസ്ട്രോ കൗണ്ടി. എന്നാല്‍, സംസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ പ്രശ്നം 18,000 പശുക്കളെ എങ്ങനെ സംസ്കരിക്കുമെന്നാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.