US
  • inner_social
  • inner_social
  • inner_social

ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധിയെയും കുറിച്ചുള്ള ഗവേഷണം; 3 യുഎസ്‌ ശാസ്‌ത്രജ്ഞർക്ക്‌ നൊബേൽ

ബാങ്കുകളെയും സാമ്പത്തികപ്രതിസന്ധിയെയുംകുറിച്ചുള്ള ഗവേഷണത്തിന്‌ മൂന്ന്‌ പേർക്ക്‌ സാമ്പത്തിക നൊബേൽ. യുഎസ്‌ ഫെഡറൽ റിസർവ്‌ മുൻ ചെയർ ബെൻ എസ്‌ ബെർണാങ്കെ, അമേരിക്കൻ സാമ്പത്തിക ശാസ്‌ത്രജ്ഞരായ ഡഗ്ലസ്‌ ഡബ്ല്യു ഡയമണ്ട്‌, ഫിലിപ്പ്‌ എച്ച്‌ ഡിബ്‌വിഗ് എന്നിവർക്കാണ് പുരസ്കാരം. 10 മില്യൺ സ്വീഡിഷ് ക്രോണയാണ് (ഏകദേശം 7.29 കോടി) പുരസ്കാരത്തുക.

മറ്റ് ശാസ്ത്രശാഖകളിലെതില്‍നിന്ന് വ്യത്യസ്തമായി സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്‌കാരം ആല്‍ഫ്രെഡ് നൊബേലിന്റെ സ്മരണക്കായി സ്വീഡിഷ് കേന്ദ്ര ബാങ്കാണ് നൽകി വരുന്നത്.

സാമ്പത്തികപ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ബാങ്കുകളുടെ പങ്ക്‌ എന്താണെന്ന് വ്യക്തമാക്കിയതിനും ബാങ്കുകൾ തകരുന്നത് ഒഴിവാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചതിനുമാണ് പുരസ്കാരം. ജോർജിയയിൽ ജനിച്ച ബെർണാങ്കെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് 1979ൽ പിഎച്ച്ഡി നേടി. നിലവിൽ വാഷിങ്ടൺ ഡിസിയിലെ ദ ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂഷനിലെ ഇക്കണോമിക് സ്റ്റഡീസ് വിഭാഗം സീനിയർ ഫെലോ ആണ്. ഡഗ്ലസ് ഡബ്ല്യു ഡയമണ്ട് യേൽ സർവകലാശാലയിൽനിന്ന് 1980ൽ പിഎച്ച്ഡി നേടി. ഫിലിപ്പ്‌ എച്ച് ഡിബ്‌വിഗ് വാഷിങ്ടൺ സർവകലാശാലയിലെ ബാങ്കിങ് ആൻഡ് ഫിനാൻസ് പ്രൊഫസറാണ്.

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ ജേതാക്കളില്‍ ഏറെപ്പേരും യുഎസില്‍നിന്നുള്ളവരാണ്. രണ്ടുവനിതകളും നേരത്തെ അര്‍ഹരായി. 2009ല്‍ എലിനോര്‍ ഓസ്‌ട്രോമും 2019ല്‍ എസ്തര്‍ ഡഫ്‌ലോയും.