രണ്ട് വര്‍ഷത്തെ തര്‍ക്കത്തിനൊടുവില്‍ റുവാണ്ട കുടിയേറ്റ ബില്‍ യുകെ പാര്‍ലമെന്റ് പാസാക്കി

അനധികൃതമായി ബ്രിട്ടനില്‍ അഭയം തേടിയെത്തുന്ന കുടിയേറ്റക്കാരെ ‘മൂന്നാം ലോക’രാജ്യമായ റുവാണ്ടയിലേക്ക് നാടുകടത്താന്‍ സര്‍ക്കാരിനെ അനുവദിക്കുന്ന വിവാദമായ റുവാണ്ട കുടിയേറ്റ ബില്‍ യു.കെ പാര്‍ലമെന്റ് തിങ്കളാഴ്ച പാസാക്കി.ഈ നിയമപ്രകാരം അഭയാര്‍ഥികളെ നാടുകടത്തുന്ന പ്രക്രിയ ജൂലൈയില്‍ ആരംഭിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ”എല്ലാ മാസവും അഭയാര്‍ഥികള്‍ക്കുവേണ്ടി ഒന്നിലധികം ചാര്‍ട്ടര്‍ വിമാനങ്ങള്‍ സർവിസ് നടത്തും. എന്തൊക്കെ സംഭവിച്ചാലും ഈ വിമാനങ്ങള്‍ പറക്കും. ഇത് അസാധാരണവും നൂതനവുമാണ്,” ഋഷി സുനക് കൂട്ടിച്ചേര്‍ത്തു.

ഹൗസ് ഓഫ് കോമണ്‍സും ഹൗസ് ഓഫ് ലോര്‍ഡ്സും തമ്മിലുള്ള നീണ്ട വാക്കുതര്‍ക്കങ്ങള്‍ക്കൊടുവിലാണ് ബില്‍ പാസാക്കിയത്. റുവാണ്ട കുടിയേറ്റ ബില്ല് പാസാക്കുന്നതിന് മുമ്പ് ഹൗസ് ഓഫ് കോമണ്‍സും ഹൗസ് ഓഫ് ലോര്‍ഡ്സും നീണ്ട തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.2022ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണാണ് ആദ്യമായി റുവാണ്ട ഡിപ്പോര്‍ട്ടേഷന്‍ ബിൽ അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ ബിൽ ബ്രിട്ടന്റെ ആഭ്യന്തര അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് വിദഗ്ധർ പ്രതികരിച്ചിരുന്നു. ശക്തമായ എതിര്‍പ്പുകള്‍ക്കൊടുവില്‍ സുപ്രീം കോടതിയുടെ വിധി മാനിക്കാതെ പുതിയ ബിൽ പാസാക്കിയെങ്കിലും റുവാണ്ടയിലേക്ക് വലിയ തോതില്‍ അഭയാര്‍ഥികളെ അയയ്ക്കില്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

റുവാണ്ട ബില്‍ പ്രകാരം, ബ്രിട്ടനിലേക്ക് അഭയാര്‍ഥികളായി വരുന്നവരെ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്ക് പറഞ്ഞയക്കുകയും, അവിടെ നടക്കുന്ന അഞ്ചുവര്‍ഷത്തോളം നീണ്ട വിചാരണയിലൂടെ അഭയാര്‍ഥിത്വം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കുകയും ചെയ്യും. ഇതാണ് ചുരുക്കത്തില്‍ റുവാണ്ട മൈഗ്രേഷന്‍ ബില്‍. അഭയാര്‍ഥിത്വം ലഭിച്ചില്ലെങ്കില്‍ അവര്‍ക്ക് റുവാണ്ടയില്‍ തന്നെ തുടരാം. അതുമല്ലെങ്കില്‍ സുരക്ഷിതമായ മറ്റേതെങ്കിലും ‘മൂന്നാം ലോക’രാജ്യത്തേക്കു മാറാം. 2022 ജനുവരി മുതല്‍ ബ്രിട്ടനില്‍ അഭയാര്‍ഥികളായി വന്നവരെയെല്ലാം ഈ നിയമപ്രകാരം റുവാണ്ടയിലേക്ക് അയക്കാന്‍ സാധിക്കും. അത് എത്രപേരാണെങ്കിലും.

റുവാണ്ട ബിൽ അവതരിപ്പിച്ച് രണ്ട് വർഷമായിട്ടും ഒരു അഭയാർഥിയെ പോലും നാട് കടത്താനാകാത്തത് റിഷി സുനാക്കിന്റെ കഴിവ് കേടായി ഒരു വിഭാഗം ചൂണ്ടി കാണിച്ചിരുന്നു. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അനുകൂലമായ വിധി വരാനുള്ള പദ്ധതി കൂടിയാണ് റുവാണ്ട ബിൽ. തിരഞ്ഞെടുപ്പ് സുനകിനും പാര്‍ട്ടിക്കും വെല്ലുവിളിയാണെന്നുള്ള വിലയിരുത്തലുകള്‍ക്കിടയില്‍ ബിൽ അവതരിപ്പിച്ചതോടെ സുനകിന്റെ ജയസാധ്യത വര്‍ധിക്കുകയാണ്.