യുഎഇയിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്. അടുത്ത ആഴ്ച്ച കൂടുതൽ മഴ ലഭിക്കുമെന്നും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ പ്രവചനം. ചില പ്രദേശങ്ങളിൽ മഴ തീവ്രമാകുമെന്നും എൻസിഎം അറിയിക്കുന്നു. തീരപ്രദേശങ്ങളിൽ താപനില കുറയും. നേരിയ കാറ്റിനും സാധ്യതയുണ്ട്. യുഎഇയിലെ കനത്തമഴയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ അവതാളത്തിലായി. ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍ തിരക്കാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. പ്രവര്‍ത്തനം ഉടന്‍ സാധാരണനിലയിലേക്ക് തിരികെയെത്തിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. എയര്‍പോര്‍ട്ടിന്റ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആകുന്നത് വരെ അടിയന്തര സ്വഭാവമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കി. വെളളപ്പൊക്കത്തില്‍ ദുരിതത്തിലായ ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും എംബസിയും ഹെല്‍പ്‌ലൈന്‍ നമ്പറുകളും ആരംഭിച്ചു.
ഹെൽപ് ലൈൻ നമ്പറുകൾ
+971501205172
+971569950590
+971507347676
+971585754213
ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവർ മാത്രം എത്തിയാൽ മതിയെന്ന് അറിയിപ്പുണ്ട്. വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് എത്തിയാൽ മതി. തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച യുഎഇയില്‍ പെയ്ത ശക്തമായ മഴയില്‍ നാലുപേര്‍ മരിച്ചിരുന്നു. പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മഴ നേരിടാൻ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, മഴക്കെടുതിയിൽ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ദുരന്തബാധിതരെ സഹായിക്കണമെന്നും യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം നിർദേശം നൽകി. രാജ്യം ഏഴര പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴയ്ക്ക് സാക്ഷ്യംവഹിച്ച പശ്ചാത്തലത്തിലാണ് അടിയന്തര നടപടികൾക്ക് പ്രസിഡന്റ് നിർദേശം നൽകിയത്. മഴക്കെടുതിയിൽ രാജ്യത്തുണ്ടായ അടിസ്ഥാന സൗകര്യങ്ങളുടെ കേടുപാടുകൾ പഠിച്ച് പരിഹരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.