മന്ത്രിസഭയിൽ കൂട്ടരാജി; ബോറിസ് ജോൺസൺ പുറത്തേക്ക്

ബ്രിട്ടണില്‍ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. പ്രധാനമന്ത്രി പദവിയോടൊപ്പം പാര്‍ട്ടി നേതൃസ്ഥാനവും രാജിവെച്ചു. പുതിയ നേതാവിന് എല്ലാ പിന്തുണയും നൽകുമെന്നും പുതിയ നേതാവിനെ തെരഞ്ഞെടുക്കും വരെ സ്ഥാനത്ത് തുടരുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. രാജി പ്രഖ്യാപനത്തോടെ മൂന്നു വര്‍ഷം നീണ്ട വിവാദഭരിതമായ ഭരണത്തിനാണ് അന്ത്യമായിരിക്കുന്നത്. തുടർച്ചയായി വിവാദങ്ങളിൽ കുടുങ്ങിയ ബോറിസ് ജോൺസനോട് വിയോജിച്ച് ഭൂരിപക്ഷം മന്ത്രിമാരും രാജിവെച്ചതോടെയാണ് പടിയിറക്കം.

പിടിച്ചു നില്‍ക്കാന്‍ കഴിവതും നോക്കിയെങ്കിലും സ്വന്തം മന്ത്രിമാരുടെ കൂട്ടരാജിക്ക് മുന്നിൽ പ്രധാനമന്ത്രിക്ക് അടിപതറി. മൂന്നിൽ രണ്ടു ബ്രിട്ടീഷുകാരും ബോറിസ് ജോൺസനെ ഇനി പ്രധാമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നില്ല എന്ന സർവേകൾ കൂടി പുറത്ത് വന്നതോടെയാണ് അധികാരമൊഴിയാൽ. ഒക്ടോബറിൽ കൺസർവേറ്റിവ് പാർട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കും. അതുവരെ കെയർടേക്കർ പ്രധാനമന്ത്രിയായി ജോൺസൺ തുടരും.

നിരവധി ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോണ്‍സണ്‍ ചീഫ് വിപ്പായി നിയമിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്. ക്രിസ് പിഞ്ചറെ ചീഫ് വിപ്പായി നിയമിച്ചതിൽ ബോറിസ് ജോൺസൺ പിന്നീട് രാജ്യത്തോട് മാപ്പു പറഞ്ഞെങ്കിലും സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. പ്രതിഷേധത്തെ തുടർന്ന് ക്രിസ് പിഞ്ചറെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. തുടർന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തോട് ക്ഷമാപണവും നടത്തിയിട്ടും വിവാദങ്ങൾ തുടരുകയാണ്. ഇതിനിടെ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ രാജിവച്ചതും ബോറിസ് ജോൺസണ് തിരിച്ചടിയായിരിക്കുകയാണ്.ധനകാര്യ മന്ത്രിയും ആരോ​ഗ്യമന്ത്രിയുമാണ് രാജിവച്ചത്. ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനക്കാണ് രാജി സമർപ്പിച്ചത്. ആരോ​ഗ്യമന്ത്രിയും പാക് വംശജനുമായ സാജിദ് ജാവിദും കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചിരുന്നു.

2019തിൽ വൻ ഭൂരിപക്ഷത്തോടെ എത്തിയ ജോൺസൺ സർക്കാരിന് ബ്രിട്ടീഷ് പാർലമെന്റിൽ 359 അംഗങ്ങളുടെ പിൻബലമാണുള്ളത്. പാർട്ടിക്കുള്ളിലെ 50തിൽ അധികം അംഗങ്ങൾ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് കത്തിലൂടെ ജോണിസണിനെതിരെ നിലപാട് എടുത്തു. എങ്കിലും വിശ്വാസവോട്ടെടുപ്പിൽ ജോൺസൺ ജയിച്ചു. 359 പേരുണ്ടായിരുന്നു കൺസർവേറ്റീവ് പാർട്ടിയുടെ 148 എംപിമാർ ജോൺസൺ എതിർത്തു. എന്നിരുന്നാലും വിശ്വാസം തെളിയിക്കാനുള്ള 180 വോട്ട് ജോൺസൺ കണ്ടെത്തി പാർട്ടി ഗേറ്റിൽ രക്ഷപ്പെടുകയും ചെയ്തു.