പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കുമിടയില്‍ പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം

പുത്തന്‍ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി ലോകത്ത് പുതുവര്‍ഷം പിറന്നു. പസഫിക് സമുദ്രത്തിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിന്നാലെ സമീപ ദ്വീപായ സമോവ, ക്രിസ്മസ് ദ്വീപ്, കിരിബാത്തി എന്നിവിടങ്ങളിലും. ന്യൂസിലന്‍ഡിലെ പ്രധാന നഗരമായ ഓക്‌സ്‌ലാന്‍ഡിലെ ദ്വീപാണ് ക്രിസ്മസ്. വലിയ ആഘോഷ പരിപാടികളോടെയും വെടിക്കെട്ടോടെയുമാണ് ന്യൂസിലന്‍ഡ് പുതുവര്‍ഷത്തെ വരവേറ്റത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ചെറിയ ആഘോഷങ്ങള്‍ മാത്രമായിരുന്നു ഈ രാജ്യങ്ങളില്‍ സംഘടിപ്പിച്ചത്.

ഒമിക്രോണ്‍ വ്യാപന സാഹചര്യം കണക്കിലെടുത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനാല്‍ കേരളത്തിലും പുതുവര്‍ഷാഘോഷത്തിന് കടിഞ്ഞാണ്‍ വീണു. വലിയ പുതുവര്‍ഷാഘോഷങ്ങള്‍ നടന്നിരുന്ന തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമെല്ലാം ഇക്കുറി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ച്, കോവളം തുടങ്ങിയ ഇടങ്ങളെല്ലാം രാത്രി ഒമ്പതോടെ തന്നെ ശൂന്യമായി.

ഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ചൈന, ഫിലിപ്പീൻസ്, സിംഗപ്പുർ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളും ഇന്ത്യക്ക് മുമ്പേ പുതുവര്‍ഷത്തെ വരവേറ്റു. അമേരിക്കക്ക് സമീപമുള്ള ഹൗലാന്‍ഡ്, ബേക്കര്‍ ദ്വീപുകളിലെ ജനവാസമില്ലാത്ത ദ്വീപുകളാണ് അവസാനം 2022നെ വരവേല്‍ക്കുന്നത്. ഇന്ത്യന്‍ സമയം ജനുവരി 1ന് വൈകുന്നേരം 5.30നാണ് ഇവിടങ്ങളില്‍ 2022 പിറക്കുന്നത്. ഇത്തവണയും കൊവിഡ്, ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇന്ത്യയിലെ പുതുവല്‍സരാഘോഷങ്ങള്‍. പല സംസ്ഥാനങ്ങളിലും പുതുവര്‍ഷ രാവില്‍ ഒത്തുകൂടുന്നതിന് നിരോധനങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്

.ചൈനയിൽ ലക്ഷക്കണക്കിനു കാണികളെ ആകർഷിക്കുന്ന ഹുവാങ്പു നദിക്കരയിലെ ലൈറ്റ് ഷോ ഷാങ്ഹായ് സർക്കാർ റദ്ദാക്കി. രാജ്യത്തുടനീളം കര്‍ശന പരിശോധനയും യാത്രാ നിയന്ത്രണവുണ്ട്. തായ്‌ലൻഡില്‍ ബുദ്ധക്ഷേത്രങ്ങളില്‍ ‌നടത്തുന്ന പുതുവത്സര പ്രാർഥനകളില്‍ ഇത്തവണ ആളുകള്‍ക്ക് ഓൺലൈനിലൂടെ പങ്കെടുക്കാം. കോവിഡിനൊപ്പം രണ്ടാഴ്ച മുമ്പ്‌ ആഞ്ഞടിച്ച റായ് ചുഴലിക്കാറ്റ് ഫിലിപ്പീന്‍സിലെ പുതുവത്സരാഘോഷങ്ങളുടെ നിറംകെടുത്തി.