നാനാത്വത്തിൽ ഏകത്വം എന്ന രാജ്യത്തിന്റെ സംസ്‌കാരിക ദർശനത്തിന്റെ അന്തഃസത്തയെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രതിഫലിപ്പിക്കുന്നവരാണു പ്രവാസികളെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈവിധ്യമാർന്ന ആരാധനാ രീതികളേയും പാരമ്പര്യങ്ങളേയും അംഗീകരിക്കുയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് നമ്മുടെ സംസ്‌കാരത്തിന്റെ അന്തസത്ത. ഒരു വ്യക്തിക്കും അതിന്റെ പ്രാധാന്യവും സാധുതയും കുറയ്ക്കാൻ കഴിയില്ലെന്നും ഗവർണർ പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മൂന്നാമതു ലോക കേരള സഭയുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള പ്രവാസി മലയാളികൾ ഒന്നിക്കുന്ന മൂന്നാമത് ലോക കേരള സഭാ സമ്മേളനത്തിന്റെ കാര്യപരിപാടികൾ നിയമസഭാ മന്ദിരത്തിൽ ഇന്നും നാളെയുമായി (ജൂൺ 17, 18) നടക്കും.
ഏകത്വം എന്ന ആശയം ഇന്ത്യൻ സംസ്‌കാരത്തിന്റെയും നാഗരികതയുടേയും പ്രതീകമാണെന്നു ഗവർണർ ചൂണ്ടിക്കാട്ടി. ഇതു രാജ്യത്തിന്റെ മനസിൽ ആഴത്തിൽ വേരൂന്നിയതാണ്. പ്രവാസ ജീവിതത്തിലും ഇതു കാത്തുസൂക്ഷിക്കുന്നവരാണ് ഇന്ത്യക്കാർ. ലോകമെമ്പാടും രാജ്യത്തിന്റെ പ്രശസ്തി വർധിപ്പിക്കുന്നതിൽ പ്രവാസികളുടെ പങ്കു വലുതാണ്. ആയിരക്കണക്കിനു പ്രവാസികളുടെ ത്യാഗം രാജ്യത്തിനു ലഭിച്ച പല കീർത്തിക്കു പിന്നിലുമുണ്ട്. ഇതിൽ മലയാളികളായ പ്രവാസികളുടെ ജീവിതവും സംഭാവനകളും രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണെന്നും ഗവർണർ പറഞ്ഞു.
യുക്രെയിൻ പ്രതിസന്ധിയുണ്ടായപ്പോഴും കോവിഡ് മഹാമാരിക്കാലത്തും നാട്ടിലേക്കുള്ള തിരിച്ചുവരവു സുമമാക്കാൻ സർക്കാരിനു സഹായം നൽകിയത് ലോക കേരള സഭയിലെ അംഗങ്ങളടങ്ങുന്ന പ്രവാസി സമൂഹമാണ്. സംസ്ഥാനത്തിന്റെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായി വികസനത്തിൽ പ്രവാസി സഹോദരങ്ങളെക്കൂടി പങ്കുകാരാക്കുന്നതിനായാണു ലോക കേരള സഭ രൂപീകരിച്ചത്. മലയാളികളുടെ സാമൂഹിക ജീവിതത്തിൽ ലോകമെമ്പാടുമുള്ള പ്രവാസികളുടെ സജീവ സഹകരണം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.
സംസ്ഥാനത്തെ തൊഴിലന്വേഷകരായ ചെറുപ്പക്കാരുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അറിവുകളും അനുഭവങ്ങളും പങ്കിടുന്നതിനുള്ള ഓൺലൈൻ ആശയ വിനിമയ പരിപാടികൾ സംഘടിപ്പിക്കാൻ ലോകകേരള സഭയ്ക്കു കഴിയണമെന്നു ഗവർണർ പറഞ്ഞു. യുക്രെയിൻ പ്രതിസന്ധിയെത്തുടർന്നു മടങ്ങിവന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസം തുടരുന്നതിനും മുൻഗണന നൽകണം. ഇൻഫർമേഷൻ ടെക്്നോളജി, ഇലക്ട്രോണിക്സ് തുടങ്ങി സംസ്ഥാനത്തിന്റെ ശക്തിമേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്കു കൂടുതൽ പ്രവാസി മലയാളി സംരംഭകർ മുന്നോട്ടുവരണമെന്നും ഗവർണർ പറഞ്ഞു.
ജി എസ് പ്രദീപിന്റെയും മേതിൽ ദേവികയുടെയും നേതൃത്വത്തിൽ ഇന്ദ്രധനുസ്സ് വൈജ്ഞാനിക കലാസന്ധ്യയും അരങ്ങേറി. വെള്ളിയും ശനിയും നിയമസഭാ മന്ദിരത്തിലെ വേദിയിൽ ലോക കേരള സഭ സമ്മേളിക്കും. വെള്ളി രാവിലെ 10ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. സമീപന രേഖയും സമ്മേളനത്തിന് സമർപ്പിക്കും. സഭാ നടപടികൾ സ്‌പീക്കർ വിവരിക്കും. ഉച്ചയ്‌ക്കുശേഷം മേഖലാ യോഗങ്ങളും വിഷയാടിസ്ഥാന മേഖലാ സമ്മേളനങ്ങളും നടക്കും. ശനി പകൽ 3.30ന് ചർച്ചയ്‌ക്ക് മുഖ്യമന്ത്രി മറുപടി നൽകും.
സ്‌പീക്കറുടെ സമാപന പ്രസംഗത്തോടെ സമ്മേളനം അവസാനിക്കും. രണ്ടുദിവസവും ഓപ്പൺ ഫോറത്തിൽ എം എ യുസഫ് അലി അടക്കമുള്ളവർ സംവദിക്കും. കലാപരിപാടികളുമുണ്ടാകും. 65 വിദേശ രാജ്യത്തുനിന്നും 21 സംസ്ഥാനത്തുനിന്നുമായി 182 പ്രവാസികൾ സഭാംഗങ്ങളാണ്. 169 ജനപ്രതിനിധികളും ഉൾപ്പെടെ 351 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.