സംസ്ഥാന ബജറ്റിൽ പ്രവാസികൾക്ക് എന്തെല്ലാം: അറിയാം

2023 24 സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു . കെ.എൻ ബാലഗോപാലിന്റെ മൂന്നാമത്തെ ബജറ്റ് അവതരണമായിരുന്നു ഇത്. ബജറ്റിൽ പ്രവാസികൾക്കും ധാരാളം പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കുന്ന നോർക്ക അസിസ്റ്റന്റ് ആൻഡ് മൊബിലൈസ് എംപ്ലോയ്‌മെന്റ് എന്ന പദ്ധതി മുഖേന ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴിൽ ദിനങ്ങൾ എന്ന നിരക്കിൽ ഒരു വർഷം ഒരു ലക്ഷം തൊഴിൽഅവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിടുന്നു. പദ്ധതിക്കായി അഞ്ചു കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു.
മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവർക്ക നിലനിൽപിന് ആവശ്യമായ പുതിയ നൈപുണ്യവികസന പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനും സർക്കാർ വലിയ ശ്രമമാണ് നടത്തുന്നത്. ഇതിനായി വിവിധ പദ്ധതികളിൽ 84.60 കോടി രൂപ വകയിരുത്തി.

മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി 25 കോടി രൂപ വകയിരുത്തി.മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ആകെ 50 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു.കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പ കുടുംബശ്രീ വഴി നൽകും
മടങ്ങിവന്ന പ്രവാസികൾക്കും മരിച്ച പ്രവാസികളുടെ ആശ്രിതർക്കും സമയബന്ധിതമായി ധനസഹായം നൽകുന്ന സാന്ത്വന പദ്ധതിക്ക് 33 കോടി രൂപ മാറ്റിവച്ചു.പ്രവാസി ക്ഷേമനിധി ബോർഡ് മുഖേനയുള്ള ക്ഷേമപദ്ധതികൾക്കായി 15 കോടി രൂപ വകയിരുത്തി.പ്രവാസി ഡിവിഡൻ ഫണ്ട് 5 കോടി അനുവദിച്ചു ക്ഷേമനിധി ബോഡിന്റെ ഹൗസിങ്ങ് പദ്ധതിക്ക് ഒരു കോടിയും അനുവദിച്ചു.

എയർപോർട്ടുകളിൽ നോർക്ക എമർജൻസി ആംബുലൻസുകൾക്ക് 60 ലക്ഷം രൂപ വകയിരുത്തി.രണ്ടാമത്തെയും മൂന്നാമത്തെയും ലോകകേരള സഭയുടെ പ്രായോഗികമായ നിർദേശങ്ങൾ നടപ്പാക്കുന്നതിനും ലോകകേരളസഭയിൽ പ്രവർത്തനങ്ങൾക്കായും 2.5 കോടി രൂപ വകയിരുത്തി.

നോർക്ക വകുപ്പിന്റെ മാവേലിക്കരയിലുള്ള അഞ്ചേക്കർ ഭൂമിയിൽ ലോകകേരള കേന്ദ്രം സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ നീക്കിവച്ചു.ഐഇഎൽടിഎസ്, ഒഇടി പരീക്ഷകളുടെ പരിശീലനത്തിനുള്ള സാമ്പത്തിക സഹായം എന്ന നിലയിൽ കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്ന നോർക്ക പദ്ധതിക്ക് രണ്ട് കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.

പ്രവാസികൾ നൽകേണ്ടി വരുന്ന ഉയർന്ന വിമാന നിരക്ക് നിയന്ത്രിക്കുന്നതിനായി 15 കോടി കോർപസ് ഫണ്ട് അനുവദിച്ചു.ഇക്കാര്യത്തിൽ പ്രവാസി അസോസിയേഷൻ, ആഭ്യന്തര വിദേശ എയർലൈൻ ഓപറേറ്റർമാർ, ട്രാവൽ ഏജൻസീസ് എന്നിവരുമായി ചർച്ച നടത്തിയെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.